കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കളിക്കാരുടെ പരിക്കില്‍ വലഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കോടികള്‍ മുടക്കി ടീമിലെത്തിച്ച ശ്രീലങ്കന്‍ യുവ വിസ്മയം മതീഷ പാതിരാനയ്ക്ക് തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വീണ്ടും പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. മിനി ലേലത്തില്‍ 18 കോടി രൂപയെന്ന വന്‍ തുകയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിനെ സ്വന്തമാക്കിയത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിന്റെ അവസാനത്തോടെ സമാപിച്ച ടി20 ലോകകപ്പിനിടെ ഇടത് കാല്‍വണ്ണയ്‌ക്കേറ്റ പരിക്ക് കാരണം താരത്തിന് ഐ.പി.എല്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളിലെ മത്സരങ്ങളൊന്നും കളിക്കാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ ടീമിന്റെ പ്രത്യേക അനുമതി ലഭിച്ച ശേഷമാണ് താരം വൈകിയാണെങ്കിലും ഇന്ത്യയിലെത്തിയത്. ഒടുവില്‍ കൊല്‍ക്കത്ത ആരാധകരും ടീം മാനേജ്‌മെന്റും ഏറെ നാളായി കാത്തിരുന്ന പാതിരാനയുടെ ഈ സീസണിലെ ആദ്യ മത്സരം ശനിയാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയായിരുന്നു. എന്നാല്‍, കൊല്‍ക്കത്തയുടെ ആയുസ്സിന് വെറും എട്ട് പന്തുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എട്ട് പന്തുകള്‍ മാത്രം എറിഞ്ഞ താരം കടുത്ത വേദനയെ തുടര്‍ന്ന് കളം വിടുകയായിരുന്നു.
ഈ
സീസണില്‍ കൊല്‍ക്കത്തയുടെ 13-ാമത്തെ മത്സരത്തിലാണ് ഫിന്‍
അലന് പകരക്കാരനായി ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി പാതിരാന ആദ്യമായി
കളത്തിലിറങ്ങിയത്. മത്സരത്തില്‍ തന്റെ ആദ്യ ഓവറിലെ ആറ് പന്തുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍
തന്നെ പാതിരാനയ്ക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും ഉടന്‍ തന്നെ ഫിസിയോയുടെ
സഹായം തേടുകയും ചെയ്തു. കളിസ്ഥലത്ത് വെച്ച് തന്നെ മെഡിക്കല്‍ സംഘം താരത്തെ
പരിശോധിച്ചതോടെ സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ആശങ്കയായി. തുടര്‍ന്ന് ഏഴാമത്തെ
പന്ത് എറിഞ്ഞ ശേഷം, എട്ടാമത്തെ പന്തിനായി റണ്‍-അപ്പ്
എടുക്കുന്നതിനിടയില്‍ താരം പെട്ടെന്ന് ഓട്ടം നിര്‍ത്തുകയായിരുന്നു. കടുത്ത
വേദനയുണ്ടായിട്ടും പ്രയാസപ്പെട്ട് ഒരു സ്ലോവര്‍ ബോളിലൂടെ തന്റെ എട്ടാമത്തെ പന്ത്
കൂടി പൂര്‍ത്തിയാക്കിയെങ്കിലും, തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാന്‍
നില്‍ക്കാതെ കൂടുതല്‍ ചികിത്സയ്ക്കായി താരം മൈതാനം വിടുകയായിരുന്നു. മുന്‍പ്
ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത പാതിരാന 33 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകള്‍
നേടിയിട്ടുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ബൗളറാണ്. പ്ലേ ഓഫ് പോരാട്ടത്തില്‍
സജീവമായി നിലനില്‍ക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായിരിക്കെ,
വലിയ പ്രതീക്ഷയോടെയും വലിയ തുക മുടക്കിയും ടീമിലെത്തിച്ച പ്രധാന
പേസറുടെ ഈ പരിക്ക് കൊല്‍ക്കത്ത ക്യാമ്പില്‍ വലിയ ആശങ്കയാണ്
ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, പാതിരാനയുടെ പരിക്ക്
കരിനിഴല്‍ വീഴ്ത്തിയെങ്കിലും, ഈഡന്‍ ഗാര്‍ഡന്‍സിലെ ഈ നിര്‍ണായക
മത്സരത്തില്‍ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് നിരയെ പൂര്‍ണ്ണമായി
തകര്‍ത്തെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആദ്യം ടോസ് നേടിയ ഗുജറാത്ത്
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഒട്ടിപ്പിടിക്കുന്ന പിച്ചില്‍ കൊല്‍ക്കത്തയുടെ സ്‌ഫോടനാത്മക ഓപ്പണര്‍ ഫിന്‍ അലന്‍
തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിനിടയില്‍ രണ്ട് തവണ
ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി മുന്നേറിയ ഫിന്‍ അലന്‍ വെറും 35 പന്തുകളില്‍ നിന്ന് 10 സിക്‌സറുകളുടെ അകമ്പടിയോടെ 93 റണ്‍സ് അടിച്ചുകൂട്ടി. ഫിന്‍ അലന്റെ ഈ അതിവേഗ അക്രമണ ബാറ്റിംഗ് കൊല്‍ക്കത്തയ്ക്ക്
മികച്ച തുടക്കവും ഗുജറാത്തിനെതിരെ കൂറ്റന്‍ സ്‌കോറും സമ്മാനിച്ചു.
