വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിയേക്കില്ല; എത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍; കര്‍ണാടക, തെലങ്കാന, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍ ചടങ്ങിനെത്തും; ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കും; 30,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ പന്തല്‍ സജ്ജം

 


തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കാനാണ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങലെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ചടങ്ങിലേക്ക് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം ഉണ്ടെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കില്ല. അതേസമയം കോണ്‍ഗ്രസിന്റെ എല്ലാം മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. മൂന്നു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. വിജയ് പങ്കെടുക്കമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. തമിഴ്‌നാട്ടില്‍ മന്ത്രിസഭാ വിപുലീകരണം അടക്കം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിജയ് കേരള യാത്രക്ക് തല്‍ക്കാലമില്ലെന്നാണ് സൂചന. തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്കുള്ള നന്ദിപ്രകാശനമായിക്കൂടി വിജയ് എത്തിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അദ്ദേഹം എത്തില്ലാന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഒരു സിനിമാതാരം എന്ന നിലയില്‍ കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള വിജയ് എത്തിയാല്‍ ആരാധകര്‍ തടിച്ചുകൂടാനുള്ള സാധ്യത അടക്കം നിലനിന്നിരുന്നു. തമിഴ്നാട്ടില്‍ ടി.വി.കെ. അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയിരുന്നു. കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കുന്ന വേദിയാക്കി മാറ്റാനാണ് നേതൃത്വത്തിന്റെ കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

മുഖ്യമന്ത്രിമാര്‍ക്കും ചലച്ചിത്രമേഖലയില്‍ നിന്നടക്കമുള്ള പ്രമുഖര്‍ക്കും ക്ഷണമുണ്ട്. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ബിജെപി എംഎല്‍എമാരും എത്തും. അതേസമയം കേരളം പുതിയൊരു ഭരണമാറ്റത്തിന് സക്ഷ്യം വഹിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ ചര്‍ച്ചയുമായാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ 'വന്ദേമാതരം' മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ-ഭരണ വൃത്തങ്ങളിലെ പ്രധാന സംസാരവിഷയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം രാജ്ഭവന്റെ (ഗവര്‍ണ്ണറുടെ ഓഫീസ്) ആവശ്യപ്രകാരമാണ് വന്ദേമാതരം ഉള്‍പ്പെടുത്തിയതെന്ന് പിന്നീട് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു. കേരള ഗവര്‍ണ്ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് നിലവില്‍ തമിഴ്നാടിന്റെയും അധിക ചുമതല വഹിക്കുന്നത്. ചെന്നൈയില്‍ വിജയ് സര്‍ക്കാരിന് സത്യവാചകം ചൊല്ലിക്കൊടുത്തത് അദ്ദേഹമായിരുന്നു. തമിഴ്നാട്ടില്‍ വന്ദേമാതരത്തെച്ചൊല്ലിയുള്ള ഈ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച അതേ ഗവര്‍ണ്ണര്‍ തന്നെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിഡി സതീശന്‍ സര്‍ക്കാരിനും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് എന്നത് ചടങ്ങിന്റെ പ്രോട്ടോക്കോളിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items