ആലപ്പുഴ: മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതില്‍ സന്തോഷമെന്ന് എം ലിജു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ മന്ത്രിയായി പരിഗണിച്ചതില്‍ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. ഒരുപാട് സന്തോഷമെന്ന് ലിജുവിന്റെ ഭാര്യ അമ്പിളിയും പ്രതികരിച്ചു. മുന്‍ അനുഭവങ്ങള്‍ വച്ച് തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എല്ലാവരും പിന്തുണച്ചു. രാജ് ഭവനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്നതിനുള്ള കോള്‍ വന്നിരുന്നുവെന്നും ലിജു പറഞ്ഞു. ലഭിക്കുന്ന വകുപ്പിനോട് നീതി പുലര്‍ത്തും. ഏതാണ് വകുപ്പ് എന്ന് അറിയില്ല. അഴിമതി രഹിതമായി, സത്യസന്ധമായി കൈകാര്യം ചെയ്യും. മുന്‍പ് ഉണ്ടായിരുന്ന മികച്ച കാര്യങ്ങള്‍ നിലനിര്‍ത്തുമെന്നും മറ്റുള്ളവയില്‍ മാറ്റം വരുത്തുമെന്നും എം ലിജു വിശദമാക്കി. കായംകുളത്ത് നിന്ന് വിജയിച്ച കന്നി എംഎല്‍എ യുഡിഎഫ് മന്ത്രിസഭയിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത. മുന്‍പ് മൂന്ന് തവണ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് ഇത്തവണ കായംകുളത്ത് നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.
