കോഴിക്കോട്: മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള തന്റെ അടങ്ങാത്ത ആരാധന തുറന്നുപറഞ്ഞ് പ്രശസ്ത തെലുങ്ക് നടൻ സുനിൽ. താൻ കോളേജിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടി നായകനായി തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തുന്ന എല്ലാ ചിത്രങ്ങളും ഒരെണ്ണം പോലും വിടാതെ കാണുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആന്റണി വർഗ്ഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രം 'കാട്ടാളന്റെ' റിലീസിന് മുന്നോടിയായി കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചത്. വർഷങ്ങൾക്ക് ശേഷം 'ടർബോ' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നതായും സുനിൽ കൂട്ടിച്ചേർത്തു.
മമ്മൂട്ടിക്കൊപ്പമുള്ള ടർബോയിലെ ഷൂട്ടിംഗ് അനുഭവം സുനിൽ പറഞ്ഞത് ഇങ്ങനെ: "ടർബോയിൽ മമ്മൂട്ടി സാറിനൊപ്പമുള്ള ഒരു ഫൈറ്റ് സീനായിരുന്നു അത്. ആദ്യം എന്റെ മുഖഭാവം വളരെ ഗൗരവത്തിലായിരുന്നു. എന്നാൽ സീനിന്റെ ഒരു ഘട്ടത്തിൽ ഞാൻ ഒരു പ്രത്യേക രീതിയിൽ കരയുന്നുണ്ട്. ആ രംഗം എടുത്തു കഴിഞ്ഞയുടൻ വളരെ നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി സാർ വന്ന് പറഞ്ഞു. അദ്ദേഹം തന്ന ആ പ്രശംസ എനിക്ക് ഒരിക്കലും മറക്കാനാവില്ല."
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ
ചിത്രമാണ് 'കാട്ടാളൻ'.
'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്
എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ
ത്രില്ലറാണ് കാട്ടാളൻ. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ
എത്തുന്നത്. പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആറിന്റേതാണ് ചിത്രത്തിന്റെ
സംഭാഷണങ്ങൾ. വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓങ്-ബാക്ക് 2, ബാഹുബലി-2, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾക്ക് ആക്ഷൻ
ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡിയാണ് കാട്ടാളന് വേണ്ടി
അടിയൊഴുക്കുകൾ നിശ്ചയിക്കുന്നത്. 'കെജിഎഫ്' ഫെയിം രവി ബസ്രൂറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല
സംഗീതവും നിർവ്വഹിക്കുന്നത്. ഇവർക്കൊപ്പം കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ
അജനീഷ് ലോക്‌നാഥും കാട്ടാളന്റെ സംഗീത വിഭാഗത്തിൽ പങ്കാളിയാകുന്നുണ്ട്.
