ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും
പുറത്തുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സ്ത്രീധന പീഡന വാര്‍കള്‍. വിവാഹം
കഴിഞ്ഞ് വെറും അഞ്ചു മാസം മാത്രം പിന്നിടുമ്പോള്‍, നോയിഡ
സ്വദേശിയായ ട്വിഷ ശര്‍മ (33) എന്ന യുവതിയെ ഭര്‍തൃവീട്ടില്‍
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തയതിന് ഇടയാക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍
പ്രതിക്കൂട്ടിലാണ്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ്
ട്വിഷ ജീവിതം അവസാനിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ ട്വിഷയുടെ ഭര്‍ത്താവും അഭിഭാഷകനുമായ സമര്‍ഥ് സിങ്,
ഭര്‍തൃമാതാവ് ഗിരിബാല സിങ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതിയായ ഗിരിബാല സിങ് ഒരു റിട്ടയേര്‍ഡ് ജഡ്ജിയാണ് എന്നതാണ് വാര്‍ത്തയുടെ ഗൗരവം
വര്‍ദ്ധിപ്പിക്കുന്നത്. നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ ഒരു കുടുംബത്തില്‍ നിന്നും
ട്വിഷയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ മര്‍ദ്ദനമാണെന്ന് റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. ട്വിഷയുടെ പേരില്‍ പിതാവ് നിക്ഷേപിച്ചിരുന്ന 20 ലക്ഷം രൂപ കൈക്കലാക്കാന്‍ ഭര്‍ത്താവും അമ്മായിയമ്മയും നിരന്തരം സമ്മര്‍ദ്ദം
ചെലുത്തിയിരുന്നതായി പിതാവ് പോലീസിന് മൊഴി നല്‍കി.
മരണത്തിന് തൊട്ടുമുന്‍പ് ചൊവ്വാഴ്ച രാത്രി 10
മണിക്ക് ട്വിഷ തന്റെ അമ്മയെ ഫോണില്‍ വിളിച്ച് പീഡനങ്ങളെക്കുറിച്ച് കരഞ്ഞു
പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് മുറിയിലേക്ക് വന്നതോടെ ഭയന്ന് ഫോണ്‍ കട്ട്
ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ട്വിഷയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരീരത്തിലുടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന്
പോലീസ് കണ്ടെത്തി. അതിലുപരി, ഒരാഴ്ച മുന്‍പ് ട്വിഷയെ നിര്‍ബന്ധിത
ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകളും ഡോക്ടര്‍മാര്‍ക്ക്
ലഭിച്ചിട്ടുണ്ട്. ഒരു ജീവന്‍ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ച ക്രൂരതയാണ് ഇവിടെ
പുറത്തുവരുന്നത്. മകളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍
തയ്യാറായില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ട്വിഷയുടെ കുടുംബം ഉറച്ചു
വിശ്വസിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ
ഗൗരവകരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിയമം പഠിച്ചവരും നീതിപീഠത്തില്‍ ഇരുന്നവരും തന്നെ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ
മരണത്തിലേക്ക് തള്ളിവിട്ടത് ഭോപ്പാലില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
യുവതിയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
