പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനം ശിരസ്സാവഹിച്ചു കേരള ഗവര്‍ണറും; ഗവര്‍ണറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവന്‍


തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി വാഹനവ്യൂഹം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മാതൃക കാണിച്ചിരുന്നു. ഈ പാത പിന്തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങളും രംഗത്തെത്തി. ഇപ്പോള്‍ കേരളാ ഗവര്‍ണറും ചെലവുചുരുക്കല്‍ നയത്തിന്റെ വഴിയിലാണ്. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി കുറച്ചിരിക്കയാണ് ലോക്ഭവന്‍. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവര്‍ണര്‍ പങ്കെടുക്കുക.


രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പോലും കാര്‍ പൂളിങിലൂടെയും കേസ് നടപടികള്‍ വിര്‍ച്വല്‍ ആക്കി മാറ്റിയിരുന്നു.

വരുംദിവസങ്ങളില്‍ കടുത്ത സാന്പത്തികനിയന്ത്രണങ്ങളും ജനദ്രോഹനടപടികളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. ഇതിന് വഴിയൊരുക്കാനാണ് സ്വയം ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കുകയാണെന്ന പ്രതീതിനിര്‍മാണം. ഇന്ധനഉപയോഗം പരമാവധി വെട്ടിക്കുറയ്ക്കണമെന്ന് മോദി ആഹ്വാനംചെയ്തിരുന്നു. മറ്റ് കേന്ദ്രമന്ത്രിമാരും സമാന നീക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ഇതേ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സി.ആര്‍. പാട്ടീല്‍ അകമ്പടി വാഹനം ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി.വരും ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടായേക്കും. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിലും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items