ഇന്ധന വിലയില്‍ കുറവ് വരുത്തി കയ്യടി നേടും; ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കും; കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും; ക്ഷേമ പെന്‍ഷനില്‍ വര്‍ധന പ്രഖ്യാപിക്കും; സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കാന്‍ തീരുമാനിക്കും; പുറത്തു നിന്നുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നത് കുറയ്ക്കും: തിങ്കളാഴ്ച്ചത്തെ ആദ്യ മന്ത്രിസഭാ യോഗം

 



തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിങ്കളാഴ്ച ചേരുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ ഒരുങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാധാരണക്കാര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്ന ആറ് നിര്‍ണ്ണായക പ്രഖ്യാപനങ്ങളാകും ആദ്യ യോഗത്തിന്റെ പ്രധാന അജണ്ട. ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം തന്നെ ഭരണപരമായ ധൂര്‍ത്ത് പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സതീശന്‍ ശൈലിയുടെ തുടക്കവും ഈ യോഗത്തോടെ ദൃശ്യമാകും.

സംസ്ഥാനത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഇന്ധനവിലയില്‍ സബ്സിഡിയോ നികുതിയിളവോ പ്രഖ്യാപിച്ച് തുടക്കത്തില്‍ തന്നെ കൈയടി നേടാനാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സെസ് ഉള്‍പ്പെടെയുള്ളവ ഭാഗികമായി എടുത്തുമാറ്റുന്നത് വഴി പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനാണ് ധനകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ഇത് വിപണിയിലെ വിലക്കയറ്റം തടയാന്‍ ഒരു പരിധി വരെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ആദ്യ യോഗത്തിലെ ഈ തീരുമാനങ്ങള്‍ പുതിയ സര്‍ക്കാരിന്റെ വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ നയങ്ങളുടെ കൃത്യമായ ദിശാസൂചികയായിരിക്കും. വെറും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ ഇവ കൃത്യമായി നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുക എന്നതായിരിക്കും മുഖ്യമന്ത്രി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. എങ്കിലും, അധികാരമേല്‍ക്കുന്ന ആദ്യ ദിവസം തന്നെ ജനപ്രിയവും അച്ചടക്കമുള്ളതുമായ തീരുമാനങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് വി.ഡി. സതീശന്‍ തുടക്കമിടുന്നത്. തിങ്കളാഴ്ചത്തെ യോഗ തീരുമാനങ്ങള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും തമിഴ്നാടും നടപ്പിലാക്കി വന്‍ വിജയമായി മാറിയ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന വിപ്ലവകരമായ പദ്ധതിക്ക് തിങ്കളാഴ്ചത്തെ യോഗം അംഗീകാരം നല്‍കും. ഇത് സാധാരണക്കാരായ സ്ത്രീകളുടെ യാത്രാച്ചെലവ് പകുതിയാക്കി കുറയ്ക്കുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിച്ച സാമൂഹിക ക്ഷേമ പെന്‍ഷനുകളില്‍ ചെറിയ രീതിയിലുള്ള വര്‍ദ്ധനവ് വരുത്താനും കുടിശ്ശിക തീര്‍ക്കാനുമുള്ള ആശ്വാസ പ്രഖ്യാപനവും ആദ്യ യോഗത്തിലുണ്ടാകും.

ആരോഗ്യ മേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാരായ ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലം മുതല്‍ക്കേ കഠിനാധ്വാനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക എന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് ഇതിലൂടെ നടപ്പിലാകുന്നത്. കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ധനവകുപ്പിന്റെ പക്കല്‍ നിന്നും 'ധവളപത്രം' ഇറക്കാന്‍ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിക്കും. മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടബാധ്യതകളും ഖജനാവിന്റെ ശൂന്യതയും ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ എന്ന രാഷ്ട്രീയ തന്ത്രം കൂടിയാണ് ഇതിന് പിന്നില്‍. വരും വര്‍ഷങ്ങളിലെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഈ ധവളപത്രം അടിത്തറയാകും.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ കടുത്ത നിയന്ത്രണമാണ് സതീശന്‍ കൊണ്ടുവരുന്നത്. പാര്‍ട്ടിക്കാരെയും പുറത്തുനിന്നുള്ളവരെയും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കുത്തിനിറച്ച് അവര്‍ക്ക് പിന്നീട് പെന്‍ഷന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ മാത്രമായിരിക്കും ഭൂരിഭാഗം തസ്തികകളിലും നിയമിക്കുക. ഇത് വഴി ഖജനാവിന് ഉണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഒഴിവാക്കാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ഇവയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന വലിയ ചോദ്യം സതീശന്‍ സര്‍ക്കാരിന് മുന്നിലുണ്ട്. കോടികളുടെ വാടക നല്‍കിയിരുന്ന ഹെലികോപ്റ്റര്‍ തിരികെ നല്‍കുന്നതും മന്ത്രിമാര്‍ക്ക് പുത്തന്‍ കാറുകള്‍ വേണ്ടെന്ന് വെച്ചതും വഴി തുടക്കമിട്ട ലളിത ജീവിതശൈലി ഭരണത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന. ധൂര്‍ത്ത് ഒഴിവാക്കല്‍ തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items