ക്ഷേത്രക്കുളത്തില്‍ മുങ്ങിയ 15കാരിയെ സാഹസികമായി രക്ഷിച്ചു; സ്വജീവന്‍ പണയപ്പെടുത്തി രക്ഷകരായി റിഷികയും റിഥിനും

 



കണ്ണൂര്‍: പെരളശ്ശേരിയിലെ ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് അപകടത്തില്‍പെട്ട 15 വയസ്സുകാരിയെ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് യുവാക്കള്‍. കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജുമാണ് അതിവേഗ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയത്.

മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തില്‍ വെള്ളത്തില്‍ താഴ്ന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടയുടന്‍ റിഷികയും റിഥിനും ഒട്ടും മടിക്കാതെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ആഴമേറിയ വെള്ളത്തില്‍ ജീവനുവേണ്ടി പിടഞ്ഞ കുട്ടിയെ ഇരുവരും ചേര്‍ന്ന് താങ്ങിനിര്‍ത്തി ഏറെ പ്രയത്നപ്പെട്ട് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.

കീഴറയിലെ ശില്പയുടെയും ആര്‍മി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഷിക. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റിഷിക സ്‌കൂളിലെ സജീവ എന്‍.സി.സി കേഡറ്റുമാണ്. എന്‍.സി.സി പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടസമയം പരിഭ്രമിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സഹായിച്ചതെന്ന് റിഷിക പറഞ്ഞു.

അപകടത്തില്‍പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ റിഥിന്‍ രാജ്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹജീവിയുടെ ജീവന്‍ രക്ഷിച്ച ഇരുവരുടെയും ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items