ചണ്ഡീഗഢ്: ഐ.പി.എല്ലിലെ നോക്കൗട്ട് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 47 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ, രാജസ്ഥാന്റെ 15-കാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയം. മുൻ താരങ്ങളും കമന്റേറ്റർമാരും അടങ്ങുന്ന ക്രിക്കറ്റ് ലോകം ഒന്നടങ്കം സോഷ്യൽ മീഡിയയിലൂടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തി.
പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് ബൗളിങ് നിരയെ തുടക്കം മുതൽ ആക്രമിച്ച സൂര്യവംശി വെറും 29 പന്തിൽ നിന്ന് 334.48 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റിൽ 97 റൺസാണ് അടിച്ചുകൂട്ടിയത്. ഭയമില്ലാത്ത ബാറ്റിങ് ശൈലിയിലൂടെ കൗമാരതാരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
‘ഈ ഇന്നിങ്‌സ് കേവലം ഗംഭീരം എന്ന് പറയുന്നതിലും അപ്പുറമാണ്’ എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചത്. തന്റെ റെക്കോർഡിനൊപ്പമെത്തിയ സൂര്യവംശിയെ റെക്കോർഡ് പുസ്തകത്തിലേക്ക് സ്വാഗതം ചെയ്ത മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ, ‘ക്രിക്കറ്റ് ലോകത്തിന്റെ പുതിയ സിക്‌സ് മെഷീൻ’ എന്നാണ് വിശേഷിപ്പിച്ചത്.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഓപ്പണറാണ് സൂര്യവംശിയെന്നും, താരത്തെ വൈകാതെ ഇന്ത്യൻ ടി-20 ടീമിലേക്ക് പരിഗണിക്കണമെന്നും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ആവശ്യപ്പെട്ടു. ‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണ്’ എന്ന് സുരേഷ് റെയ്‌ന കുറിച്ചപ്പോൾ, താരത്തിന്റെ ബാറ്റിങ് ‘അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമാണ്’ എന്നാണ് കെവിൻ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടത്.
തന്റെ ആദ്യ ഐ.പി.എൽ പ്ലേഓഫ് മത്സരത്തിൽ തന്നെ പുറത്തെടുത്ത ഷോട്ട് സെലക്ഷനും ആത്മവിശ്വാസവും പ്രത്യേകം എടുത്തുപറഞ്ഞ് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പും സൂര്യവംശിയെ അഭിനന്ദിച്ചു.
16 പന്തിൽ നിന്ന് അർധസെഞ്ച്വറി നേടിയ സൂര്യവംശി, ഐ.പി.എൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയെന്ന സുരേഷ് റെയ്‌നയുടെ 2014ലെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ഒടുവിൽ ഡീപ്പ് തേർഡ് മാനിൽ ക്യാച്ച് നൽകി സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായെങ്കിലും, താരം സൃഷ്ടിച്ച സമ്മർദ്ദത്തിൽ നിന്ന് തിരിച്ചുവരാൻ ഹൈദരാബാദിന് സാധിച്ചില്ല. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ രാജസ്ഥാൻ ഒടുവിൽ തകർപ്പൻ ജയം സ്വന്തമാക്കി.
