ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.
വിവിധ ജില്ലകളിലായി നൂറുപേർ മരിച്ചു. നിരവധി വീടുകൾ തകരുകയും മരങ്ങളും വൈദ്യുത
തൂണുകളും പിഴുതെറിയപ്പെടുകയും ചെയ്തു. ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്യാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്— 21 പേർ. ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ 10 പേരും മരിച്ചു. ഉന്നാവോ,
ബദായൂൻ (6 വീതം), പ്രതാപ്ഗഡ്,
ബറേലി (4 വീതം), സീതാപൂർ,
റായ്ബറേലി, ചന്ദൗലി (2
വീതം) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കാൺപൂർ ദേഹത്, ഹർദോയ്,
സംഭാൽ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും കൗശാംബി, ഷാജഹാൻപൂർ, സോൻഭദ്ര, ലഖിംപൂർ
എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായാണ് കാലാവസ്ഥ മാറിയത്.
പൊടിക്കാറ്റും അതിശക്തമായ കാറ്റും ജനജീവിതം ദുസ്സഹമാക്കി. റോഡരികിലെ ഹോർഡിംഗുകളും
ടിൻ ഷെഡ്ഡുകളും കാറ്റിൽ പറന്നു. ബറേലിയിലെ ബമിയാന ഗ്രാമത്തിൽ ടിൻ ഷെഡ്ഡിനൊപ്പം
ഒരാൾ 50 അടി ദൂരേക്ക് തെറിച്ചുപോയത് നാടിനെ നടുക്കി.
കൈകാലുകൾക്ക് ഒടിവുപറ്റിയ നാൻഹേ മിയാൻ എന്നയാൾ, കയറിൽ
പിടിച്ചിരിക്കവെയാണ് കാറ്റിൽ പറന്നതെന്ന് വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക്
നഗ്നകൈകൾ കൊണ്ട് മണ്ണും അവശിഷ്ടങ്ങളും മാറ്റേണ്ടി വന്നു. ഭദോഹിയിലെ രാംപൂരിൽ
പോണ്ടൂൺ പാലം തകർന്നതിനെത്തുടർന്ന് നിരവധി പേർ ഗംഗാ നദിയിൽ വീണു. മിർസാപൂരിലെ ഗൗര
പ്രമൻപൂരിലും പാലം തകർന്ന് 20 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ഫത്തേപൂരിൽ മരിച്ച 10 പേരിൽ എട്ടുപേരും ഖാഗ
താലൂക്കിലുള്ളവരാണ്. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്. പ്രതാപ്ഗഡിലും കാൺപൂരിലും
മിന്നൽപ്പിണരുകളും മതിൽ ഇടിഞ്ഞുവീണതും മരണകാരണമായി. ഡിയോറിയയിൽ ഇടിമിന്നലേറ്റാണ്
രണ്ടുപേർ മരിച്ചത്.
അപ്രതീക്ഷിത മഴയിലും കാറ്റിലും ഉണ്ടായ ജീവഹാനി, വീടുകളുടെ നാശനഷ്ടം, കന്നുകാലികളുടെ മരണം എന്നിവയിൽ
മുഖ്യമന്ത്രി അതീവ ജാഗ്രത നിർദ്ദേശിച്ചു. ദുരിതബാധിതരോട് അനുഭാവപൂർവ്വം
പെരുമാറണമെന്നും സഹായധനം ഉടൻ ലഭ്യമാക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റുമാർക്ക്
നിർദ്ദേശം നൽകി. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും നാശനഷ്ടങ്ങളെക്കുറിച്ചുള്ള
വിവരങ്ങൾ സമർപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
