ചെന്നൈ: ഐപിഎൽ പ്ലേ ഓഫ് പോരാട്ടം മുറുകവെ ചെന്നൈ സൂപ്പർ കിങ്‌സിന്
വീണ്ടും കനത്ത പ്രഹരം. തുട തുടയ്ക്കേറ്റ പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ
ജാമി ഓവർട്ടൺ നാട്ടിലേക്ക് മടങ്ങി. തുടർചികിത്സകൾക്കായി താരം ഇംഗ്ലണ്ടിലേക്ക്
മടങ്ങുകയാണെന്ന് സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചു. സീസണിൽ ഉജ്ജ്വല ഫോമിലായിരുന്ന
ഓവർട്ടന്റെ മടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സീസണിൽ പരിക്കിന്റെ
പിടിയിലാകുന്ന സിഎസ്‌കെ താരങ്ങളുടെ പട്ടിക നീളുകയാണ്. നേരത്തെ മഹാരാഷ്ട്ര ഓൾറൗണ്ടർ
രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കർണാടകയുടെ മക്‌നീൽ നൊറോണയെ ടീമിലെടുത്തിരുന്നു. മുൻ
ക്യാപ്റ്റൻ എം.എസ് ധോണി ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്തതും ടോപ്പ് ഓർഡർ ബാറ്റർ
ആയുഷ് മാത്രെ, പേസർ ഖലീൽ അഹമ്മദ് എന്നിവർ പാതിവഴിയിൽ
പുറത്തായതും ടീമിനെ തളർത്തിയിട്ടുണ്ട്. സീസൺ തുടങ്ങുന്നതിന് മുന്നേ പരിക്കേറ്റ ഓസ്‌ട്രേലിയൻ
താരമായ നഥാൻ എല്ലിസിന് പകരമെത്തിയ സ്‌പെൻസർ ജോൺസൺ ഇതുവരെ ചെന്നൈയ്ക്ക് കളിക്കാൻ
ഇറങ്ങിയിട്ടില്ല.
സിഎസ്‌കെ നിരയിലെ ഏക വിദേശ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായിരുന്നു
ഓവർട്ടൺ. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ താരം ടീമിലെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ്
വേട്ടക്കാരനാണ്. ബാറ്റിങ്ങിൽ 136 റൺസും താരം അടിച്ചുകൂട്ടി.
മെയ് 11-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 36 റൺസിന് 3 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ച്
പുരസ്കാരം നേടിയ ശേഷമാണ് താരത്തിന്റെ അപ്രതീക്ഷിത മടക്കം. തുടർച്ചയായ
പരിക്കുകൾക്കിടയിലും പ്ലേ ഓഫ് പ്രതീക്ഷകൾ ചെന്നൈ കൈവിട്ടിട്ടില്ല. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 6 ജയവുമായി പോയിന്റ് പട്ടികയിൽ
അഞ്ചാം സ്ഥാനത്താണ് സിഎസ്‌കെ. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ 18 പോയിന്റുമായി ചെന്നൈയ്ക്ക് പ്ലേ ഓഫിൽ ഇടംപിടിക്കാം. മികച്ച നെറ്റ്
റൺറേറ്റ് നിലനിർത്താനായാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തി ഫൈനലിലേക്ക് ഒരു
അധിക അവസരം കൂടി നേടിയെടുക്കാനും രുതുരാജ് ഗെയ്ക്‌വാദിനും സംഘത്തിനും സാധിക്കും.
പരിക്ക് വിടാതെ പിന്തുടരുന്നു; പ്ലേ ഓഫ് പോരാട്ടം കടുക്കവെ ചെന്നൈയ്ക്ക് വീണ്ടും പ്രഹരം; മിന്നും ഫോമിലായിരുന്ന ഓൾറൗണ്ടർ ജാമി ഓവർട്ടൺ നാട്ടിലേക്ക് മടങ്ങി
Tags:
Sports
