ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യം; കാപ്പാ ചുമത്തപ്പെട്ട പ്രതിക്ക് ഇത്തരമൊരു സാങ്കേതിക ഇളവ് നല്‍കുന്നതിന് നിയമപരമായ തീരുമാനമെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍;തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് നെഞ്ചിടിപ്പ്

 

 

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ബി.ജെ.പി നെട്ടോട്ടമോടുമ്പോള്‍, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞാ ഹര്‍ജിയില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം വ്യാഴാഴ്ച വരാനിരിക്കെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു. കാപ്പാ നിയമപ്രകാരം തടവില്‍ കഴിയുന്ന സുഗതന് സമയം നീട്ടിക്കിട്ടിയില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്ന ഘട്ടമെത്തിയതോടെ കേവല ഭൂരിപക്ഷം തുലാസിലായ അവസ്ഥയിലാണ് ബി.ജെ.പി.

സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന്, ജൂലൈ 24-നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം പൂര്‍ണ്ണമായി നഷ്ടപ്പെടും. അയോഗ്യരാക്കപ്പെട്ട മറ്റ് ബി.ജെ.പി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെങ്കിലും ജയിലില്‍ കഴിയുന്ന സുഗതന് അതിന് കഴിഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി തേടിയാണ് അടിയന്തര ഹര്‍ജി നല്‍കിയിരിക്കുന്നത്. കാപ്പാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതിക്ക് സത്യപ്രതിജ്ഞ ചെയ്യാനായി സാങ്കേതിക ഇളവുകള്‍ നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിയമപരമായി അധികാരമില്ലെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന പ്രധാന വാദം.

സുഗതന്റെ ജാമ്യാപേക്ഷ കോടതി മുന്‍പ് തള്ളിയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സുഗതന്റെ ആറു മാസത്തെ കാപ്പാ തടവുശിക്ഷ കാപ്പാ ഉപദേശക സമിതി ശരിവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. ഇതോടെ അടുത്ത ആറു മാസത്തേക്ക് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനും സുഗതന് വിലക്കുണ്ട്. ഉപദേശക സമിതി തീരുമാനം ചോദ്യം ചെയ്ത് ഇനി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് സുഗതന് മുന്നിലുള്ള ഏക വഴി. ഹൈക്കോടതിയും അപേക്ഷ തള്ളിയാല്‍ സുഗതന്‍ ജയിലില്‍ തുടരേണ്ടി വരികയും ജൂലൈ 24 ഓടെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കപ്പെടുകയും ചെയ്യും. ഇത് കോര്‍പ്പറേഷനിലെ ബി.ജെ.പി ഭരണത്തെത്തന്നെ കടുത്ത പ്രതിസന്ധിയിലാക്കും.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ വധിക്കാന്‍ ശ്രമിച്ച കേസ് എന്നിവയിലാണ് സുഗതനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സിറ്റി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തുണ്ട്. എന്നാല്‍ ഭരണപക്ഷ സ്വാധീനത്തില്‍ പോലീസ് ചമച്ച വ്യാജകേസുകളാണിതെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക നിലപാട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items