നാലു മാസം മുന്‍പ് മാത്രം വിവാഹിതരായ ദമ്പതിമാര്‍; മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിലും വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് ബംഗളൂരുവിലും ജീവനൊടുക്കി; സര്‍വ്വത്ര ദുരൂഹത, അന്വേഷണം വേണമെന്ന് ബന്ധുക്കള്‍; എടത്വയെ നടുക്കി സുനുകുട്ടന്റേയും ഹരീഷ്മയുടേയും മടക്കം

 


എടത്വ (ആലപ്പുഴ): നാലു മാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യ നാട്ടിലും, വിവരമറിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് വഴിമധ്യേ ബംഗളൂരുവിലെ ലോഡ്ജിലും ജീവനൊടുക്കിയ സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടനെയും (30), ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മയെയും (27) ആണ് രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ജോലി ആവശ്യങ്ങള്‍ക്കായി ദോഹയിലേക്ക് പോയത്. മൂന്നു മാസം ഗര്‍ഭിണിയായിരുന്ന ഹരീഷ്മയെ രണ്ടു ദിവസം മുന്‍പാണ് മാവേലിക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്ത അറിഞ്ഞ സനുക്കുട്ടന്‍ തകര്‍ന്നുപോവുകയും ഉടന്‍തന്നെ നാട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു.

ദോഹയില്‍നിന്ന് കണക്ഷന്‍ ഫ്ളൈറ്റില്‍ ബംഗളൂരുവിലിറങ്ങി, അവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് സനുക്കുട്ടന്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. നാട്ടിലെത്തുന്ന സനുക്കുട്ടനെ കൂട്ടിക്കൊണ്ടുപോകാനായി സഹോദരനും ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും അദ്ദേഹം വിമാനമിറങ്ങിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരണം ലഭിക്കുന്നത്. വിവരം ലഭിച്ചതോടെ ബന്ധുക്കള്‍ ഉടന്‍തന്നെ ബംഗളൂരുവിലേക്ക് തിരിക്കുകയും അവിടെയുള്ള മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബംഗളൂരുവിലെ ഒരു ലോഡ്ജ് മുറിയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരമെത്തുന്നത്. ബന്ധുക്കളെത്തി പരിശോധിച്ചതോടെയാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്. ഹരീഷ്മയുടെ മൃതദേഹം മാവേലിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

നാലു മാസം മുന്‍പ് മാത്രം വിവാഹിതരായ ദമ്പതിമാര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും, നാട്ടിലേക്ക് വരുന്നതിനിടെ സനുക്കുട്ടന്‍ എന്തിനാണ് ബംഗളൂരുവില്‍ ഇറങ്ങി ലോഡ്ജില്‍ മുറിയെടുത്തതെന്നും ഉള്ള കാര്യങ്ങളില്‍ പൊലീസിന് ദുരൂഹതയുണ്ട്. ഇരുരുടെയും ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items