ഡാലസ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ച്
തകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന്
പുറത്തേക്ക്. ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ പിറന്ന
നാടകീയ ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് പടയുടെ വിജയം.
സൂപ്പര്‍ സബ്ബായി കളത്തിലിറങ്ങി അഞ്ചാം മിനിറ്റില്‍ വലകുലുക്കിയ
മിക്കെല്‍ മെറീനോയാണ് സ്‌പെയിനിന്റെ വിജയശില്പി. നിശ്ചിത 90 മിനിറ്റിലും ഇരുടീമുകള്‍ക്കും
ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീളുമെന്ന്
കരുതിയിരിക്കെയായിരുന്നു സ്‌പെയിനിന്റെ കനല്‍വേഗം. 85-ാം
മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മെറീനോ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ (90+1)
സ്‌പെയിനിന് കാത്തിരുന്ന ഗോള്‍ സമ്മാനിച്ചു. ബോക്‌സിന്
പുറത്തുനിന്ന് പെട്ടെന്നെടുത്ത ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ
തുടക്കം.
ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച് ഫെറാന്‍ ടോറസ് ബോക്‌സിലേക്ക്
നീട്ടിനല്‍കിയ പന്ത് മനോഹരമായൊരു ലോ ഫിനിഷിംഗിലൂടെ മെറീനോ പോര്‍ച്ചുഗീസ് വലയിലേക്ക്
അടിച്ചുകയറ്റുകയായിരുന്നു. 'ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസത്തിന്റെ ലോകകപ്പ്
സ്വപ്നങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍
കണ്ണീരടക്കാനാകാതെ മുഖം പൊത്തി മൈതാനം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദൃശ്യം
പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് വിങ്ങലായി മാറി.' അങ്ങനെ ആ യുഗം കഴിഞ്ഞു
.
കഴിഞ്ഞ ദിവസം ബ്രസീലും
തോറ്റ് പുറത്തായി. നെയ്മറിന്റെ കരച്ചില്‍ ഫുട്‌ബോള്‍ ലോകത്തിന് നൊമ്പരമായി. അതു
പോലെ റൊണാള്‍ഡോയും കളം വിടുന്നു. തന്റെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന 41-കാരനായ റൊണാള്‍ഡോയ്ക്ക് ഇനിയൊരു
ലോകകപ്പിന് ബാല്യമുണ്ടാകില്ലെന്ന് ഉറപ്പാണ്. പോര്‍ച്ചുഗീസ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്
റൊണാള്‍ഡോയിലര്‍പ്പിച്ച അമിത വിശ്വാസം ഈ മത്സരത്തില്‍ തിരിച്ചടിയാവുകയായിരുന്നു.
സ്പാനിഷ് പ്രതിരോധത്തിന് മുന്നില്‍ തീര്‍ത്തും നിഷ്പ്രഭനായ റൊണാള്‍ഡോയ്ക്ക്
മത്സരത്തില്‍ വെറും 19 ടച്ചുകളും 12
പാസ് ശ്രമങ്ങളും മാത്രമാണ് നടത്താനായത്. ഒരു ലോകകപ്പ് മത്സരത്തില്‍ റൊണാള്‍ഡോയുടെ
ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.
ആക്രമണത്തില്‍ മൂര്‍ച്ച കുറഞ്ഞുപോയ സ്പാനിഷ് നിരയിലേക്ക്
കൃത്യമായ സമയത്ത് പകരക്കാരെ ഇറക്കിയ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ
തന്ത്രങ്ങളാണ് സ്‌പെയിനിന് തുണയായത്. മത്സരത്തില്‍ തന്റെ അഞ്ചാം ടച്ചില്‍ മെറീനോ
ഗോള്‍ നേടിയപ്പോള്‍,
പകരക്കാരനായി വന്ന് തന്റെ 16-ാം ടച്ചിലാണ് ഫെറാന്‍ ടോറസ്
അതിന് അസിസ്റ്റ് ഒരുക്കിയത്. 2010-ല്‍ ലോകകിരീടം ചൂടിയതിന്
ശേഷം ഇതാദ്യമായാണ് സ്‌പെയിന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.
അന്ന് ഫൈനലില്‍ ഇനിയെസ്റ്റ നേടിയ ഗോളിന് ശേഷം, ലോകകപ്പ്
നോക്കൗട്ടില്‍ സ്‌പെയിന്‍ നേടുന്ന ഏറ്റവും വൈകിയ രണ്ടാമത്തെ ഗോളെന്ന റെക്കോഡും
മെറീനോ സ്വന്തമാക്കി.
ജൂലൈ 10-ന് ലോസ് ആഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍ യു.എസ്.എ
അല്ലെങ്കില്‍ ബെല്‍ജിയത്തെ നേരിടും. പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരത്തില്‍ ഭാവനാപൂര്‍ണ്ണമായ
നീക്കങ്ങളുമായി ആദ്യപകുതിയില്‍ സ്‌പെയിനാണ് ആധിപത്യം പുലര്‍ത്തിയത്. 8-ാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ പാസില്‍ നിന്ന് ഒയര്‍സബാലിന് ലഭിച്ച അവസരം
പാഴായി. 12-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഒരു ഗോള്‍ശ്രമം
സ്പാനിഷ് കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തിട്ടു. തൊട്ടുപിന്നാലെ 16-ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെയും അലക്‌സ് ബയേനയുടെയും ഗോള്‍
എന്നുറപ്പിച്ച ഷോട്ടുകള്‍ തടുത്ത് പോര്‍ച്ചുഗീസ് ഗോളി ഡിയോഗോ കോസ്റ്റ ടീമിന്റെ
രക്ഷകനായി. 41-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡസിന്റെ
ഷോട്ട് ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചത് പോര്‍ച്ചുഗലിന് നിര്‍ഭാഗ്യമായി.
മത്സരത്തിലുടനീളം ഇരുടീമുകളും വലിയ റിസ്‌കുകള്‍ക്ക്
മുതിരാതിരുന്നതിനാല്‍ ബോക്‌സിലേക്ക് ഇരച്ചുകയറുന്ന നീക്കങ്ങള്‍ കുറവായിരുന്നു.
എങ്കിലും ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ലെന്ന അപരാജിത
റെക്കോര്‍ഡ് നിലനിര്‍ത്തിക്കൊണ്ടാണ് സ്‌പെയിന്‍ അവസാന എട്ടിലേക്ക് കടന്നത്.
