പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇ.ഡി; ഫോട്ടോയെടുത്ത ശേഷം സംഘം മടങ്ങി; പിണറായി വില്ലേജിലെ എടക്കടവ് പ്രദേശത്ത വീണയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെയും ചിത്രങ്ങള്‍ പകര്‍ത്തി; പരിശോധനയില്‍ ഔദ്യോഗിക വിശദീകരണം നല്‍കാതെ ഇഡി; എത്തിയത് വില്ലേജ് ഓഫിസറെയും കൂട്ടി; നീക്കം സ്വത്തുക്കള്‍ കണ്ടുകെട്ടാനോ?

 


കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം എത്തി. രാവിലെ പത്തരയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പാതിരിയാട് വില്ലേജ് ഓഫിസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പിണറായി വില്ലേജിലെ എടക്കടവ് പ്രദേശത്ത് എത്തി.

 വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത സ്ഥലത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. എന്തിനാണ് പരിശോധന നടത്തിയതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമമാണോ എന്ന സംശയം ഉയരുന്നുണ്ട് . നേരത്തെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പിണറായിയിലെ വീട്ടിലും ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഒന്‍പത് മണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു.

 രാവിലെ ഒന്‍പതരയോടെയാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. അടുത്ത ചോദ്യം ചെയ്യൽ ഉടനുണ്ടാകുമെന്നാണ് സൂചന. ഇതുവരെ കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട് . വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‌ കൈമാറിയിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കേസുകള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഇഡി നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. ഈ നീക്കത്തെ സിഎംആര്‍എല്‍ കോടതിയില്‍ എതിര്‍ത്തെങ്കിലും തടസ്സവാദങ്ങള്‍ തള്ളിക്കൊണ്ട് രേഖകള്‍ കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

നേരത്തെ കേസിന്റെ ഭാഗമായി അടുത്തിടെ നടത്തിയ വിപുലമായ റെയ്ഡുകള്‍ക്ക് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ പൂര്‍ണ്ണമായും കണ്ടുകെട്ടാനാണ് ഇ.ഡി ഇപ്പോള്‍ അടിയന്തര നീക്കം ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളില്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുന്നു എന്നതാണ് ഈ നിയമനടപടിയെ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള തലത്തിലേക്ക് ഉയര്‍ത്തുന്നത്. മുന്‍പ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത വീണയുടെ മൊബൈല്‍ ഫോണ്‍, നിക്ഷേപ രസീതുകള്‍, സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട രേഖകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തുടര്‍നടപടികള്‍ക്കായി സ്ഥിരമായി കസ്റ്റഡിയില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഇ.ഡി അതോറിറ്റിയോട് തേടും. നിലവില്‍ ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം വിദഗ്ദ്ധ പരിശോധനയിലാണ്.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items