ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ എസ് ഐ ടി നിരീക്ഷണത്തില്‍

 


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം കൂടുതല്‍ കുരുക്കിലേക്ക്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയത്തില്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. മ്യൂസിയം സി.ഐ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് കടക്കുന്നത്.

എം.വി. ഗോവിന്ദന് പുറമേ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എ, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ എന്നിവരുടെ ഫോണ്‍ വിവരങ്ങളും അന്വേഷണ പരിധിയില്‍ വരുത്തും. നിയമസഭാംഗങ്ങളായ രണ്ട് എം.എല്‍.എമാരുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനായി പോലീസ് ഉടന്‍തന്നെ ആഭ്യന്തര വകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടും. കഴിഞ്ഞ മേയ് 27-നായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ പിണറായിലെ വസതിയില്‍ റെയ്ഡിനെത്തിയതും തുടര്‍ന്ന് വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതും.

സംഭവ സമയം എം.വി. ഗോവിന്ദന്‍, വി. ജോയി എം.എല്‍.എ, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്ക് പുറമേ ജോണ്‍ ബ്രിട്ടാസ് എം.പി, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥലത്ത് പ്രതിഷേധത്തിനെത്തിയിരുന്നു. കേസില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ  സാക്ഷിയാക്കുമോ അതോ ഗൂഢാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ക്കപ്പെടുമോ എന്ന കാര്യം  നിര്‍ണ്ണായകമാകും. കുറഞ്ഞ സമയത്തിനുള്ളില്‍ നൂറോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരായി സ്ഥലത്തേക്ക് ഇരച്ചെത്തിയത് മുതിര്‍ന്ന നേതാക്കളുടെ ആഹ്വാനമില്ലാതെ സാധ്യമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സംഭവസമയത്തോ അതിന് മുമ്പോ നേതാക്കള്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രവര്‍ത്തകരുമായോ പ്രദേശത്തെ പ്രാദേശിക ഭാരവാഹികളുമായോ ഫോണില്‍ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യമാണ് സി.ഡി.ആര്‍ പരിശോധനയിലൂടെ പോലീസ് പരിശോധിക്കുന്നത്. ഇതില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചാല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തി നേതാക്കള്‍ പ്രതിപ്പട്ടികയിലേക്ക് വരാന്‍ സാധ്യതയേറെയാണ്.

അറസ്റ്റിലായ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഉദ്യോഗസ്ഥരോട് വ്യക്തിപരമായ യാതൊരു വൈരാഗ്യവുമില്ല. അതുകൊണ്ടുതന്നെ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരെയും നേതാക്കളെയും പ്രതി ചേര്‍ക്കണമെന്ന് ഇ.ഡി ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ നീക്കം. മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍, സി.സി.ടി.വി ഫൂട്ടേജുകള്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഡാറ്റ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇ.ഡി നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ നടന്ന അക്രമത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നത് സി.പി.എമ്മിനെയും ഇടത് മുന്നണിയെയും വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items