വാഷിങ്ടണ്‍:
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി
ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം നാല് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അന്താരാഷ്ട്ര
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെയും
ഖത്തറിന്റെയും ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍
യാഥാര്‍ത്ഥ്യമായത്. അതേസമയം, ഇതിനിടയിൽ പുതിയ സുരക്ഷാ
നിയന്ത്രണങ്ങളുമായി ഇറാന്‍ രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോര്‍മുസ്
കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്റെ ഹോര്‍മുസ് അതോറിറ്റി കര്‍ശന നിര്‍ദേശങ്ങള്‍
പുറപ്പെടുവിച്ചു. ഇനി മുതല്‍ ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ 48 മണിക്കൂര്‍ മുമ്പ് യാത്രാ റൂട്ട് ഉള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങള്‍
നല്‍കി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഇറാന്‍ വ്യക്തമാക്കി.
കടലിടുക്കിലെ
മൈനുകളുടെ സാന്നിധ്യവും കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും
കണക്കിലെടുത്താണ് ഈ പുതിയ സുരക്ഷാ ക്രമീകരണമെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഇസ്രായേലിന്റെ
തീവ്ര വലതുപക്ഷ മന്ത്രി ഇതാമീര്‍ ബെന്‍ഗഫിറിന്റെ 'ലെബനെന്‍ ചുട്ടെരിക്കണം' എന്ന പ്രസ്താവനയാണ് ഇറാനെ പ്രകോപിപ്പിച്ചതെന്നാണ്
സൂചന.
ഇസ്രായേലിന് വേണ്ടത്
സ്ഥിരമായ യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ
മന്ത്രി കുറ്റപ്പെടുത്തി. സമീപകാലത്തെ യുദ്ധങ്ങളെത്തുടര്‍ന്ന് ഇറാന്‍ പൂര്‍ണ്ണമായും
തകര്‍ന്നടിഞ്ഞെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
ഇറാന് ഇനി അമേരിക്കയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. കടുത്ത
യുദ്ധം ഇറാന്റെ സൈനിക ശേഷിയെ പാടേ തകര്‍ത്തു തരിപ്പണമാക്കിയെന്നും, നിലവില്‍ അവര്‍ക്ക് സ്വന്തമായി
വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ റഡാറുകളോ ഒന്നും തന്നെ
അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
സോഷ്യല്‍ മീഡിയ
പ്ലാറ്റ്ഫോമായ 'ട്രൂത്ത്
സോഷ്യലില്‍' തുടര്‍ച്ചയായി പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ട്രംപ്
നിലപാട് വ്യക്തമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ
നിലയിലാണ് ഇറാന്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാദങ്ങളെ ട്രംപ് കടുത്ത
ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു. നാല് മാസം മുന്‍പുള്ളതിനേക്കാള്‍ മികച്ച
നിലയിലാണ് ഇറാന്‍ ഇപ്പോള്‍ ഉള്ളതെന്ന് പറയുന്ന പ്രതിപക്ഷത്തിന് എങ്ങനെയാണ് കള്ളം
പറഞ്ഞു രക്ഷപെടാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍
നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് അമേരിക്കയല്ല, മറിച്ച് തകര്‍ന്നു തരിപ്പണമായ
ഇറാന്‍ ആവശ്യപ്പെട്ടിട്ടാണെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിലെ കരാര്‍
പ്രകാരമുള്ള 60 ദിവസത്തെ കാലാവധി അമേരിക്ക പൂര്‍ത്തിയാക്കുമെങ്കിലും
ഇറാന് യാതൊരുവിധ സാമ്പത്തിക ഇളവുകളും നല്‍കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു
വ്യക്തമാക്കി.
അമേരിക്കന്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് ഇറാന്റെ പരമോന്നത
നേതാവ് മൊജ്താബ ഖമേനി രംഗത്തെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ കടുത്ത
പ്രതികരണം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു കരാര്‍ ഉണ്ടാക്കാന്‍
അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് അതിയായി ആഗ്രഹിക്കുന്നതെന്നും, അതിനായി ട്രംപ് എല്ലാവിധ സമ്മര്‍ദ്ദങ്ങളും
ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു ഖമേനിയുടെ പ്രസ്താവന.
അമേരിക്കയും
ഇറാനും തമ്മിലുള്ള കരട് കരാര്‍ ഒപ്പിട്ടതിന് ശേഷം ഇറാന്‍ ജനതയോട് സംസാരിക്കവെയാണ് ഖമേനി
ഇങ്ങനെ പറഞ്ഞത്. തുടക്കത്തില്‍ താന്‍ ഈ
കരാറിനെ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍
ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ദേശീയ സുരക്ഷാ കൗണ്‍സില്‍
അംഗങ്ങളും രാജ്യത്തിന്റെ താല്പര്യങ്ങളും പ്രതിരോധ മുന്നണിയുടെ സുരക്ഷ പൂര്‍ണ്ണമായി
സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ കരാറിന് അനുമതി നല്‍കിയതെന്നും
ഖമേനി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായി
തള്ളിക്കൊണ്ട് ട്രംപ് രംഗത്തെത്തിയത്.