നാല് പേര്‍ക്ക് പുതുജീവനേകി ഇരുപത്തിരണ്ടുകാരന്‍ അര്‍ജുന്‍ യാത്രയായി; മസ്തിഷ്‌ക മരണം സംഭവിച്ച അര്‍ജുന്റെ ഹൃദയം കൊച്ചിയിലെത്തിച്ചത് എയര്‍ ആംബുലന്‍സില്‍; നോവ് കടിച്ചമര്‍ത്തി മാതാപിതാക്കള്‍; കരളും വൃക്കകളും കോഴിക്കോട്ടേക്കും കണ്ണൂരിലെ രോഗിക്കും; അവയവ കൈമാറ്റം ശരവേഗത്തിലാക്കി കെ-സോട്ടോയും പൊലീസും

 


കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച 22 കാരന്‍ മരണത്തിലും നാല് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മാതൃകയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ഉറ്റവര്‍ സമൂഹത്തിന് ദാനം ചെയ്തത്. മകനെ തിരികെ കിട്ടില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തില്‍ തളര്‍ന്നുപോയെങ്കിലും, ആ നോവ് കടിച്ചമര്‍ത്തി അവയവദാനം എന്ന ധീരമായ തീരുമാനം മാതാപിതാക്കള്‍ കൈക്കൊള്ളുകയായിരുന്നു. 

ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍ജുന് മെയ് 31 ഓടെയാണ് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴി അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആസ്റ്റര്‍ സര്‍ജന്മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അവയവങ്ങള്‍ എടുത്തത്. 

ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നും മറ്റു ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘമാണ് ഇതിനായി കൈകോര്‍ത്തത്. അര്‍ജുന്റെ ഹൃദയം എയര്‍ ആംബുലന്‍സ് മുഖേന കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള 48-കാരനായ മലപ്പുറം സ്വദേശിക്കായി എത്തിച്ചു. അര്‍ജുന്റെ വൃക്കകളില്‍ ഒന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ രോഗിക്ക് തന്നെയാണ് നല്‍കുന്നത്. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും, കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. 

അടിയന്തര സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ അവയവങ്ങള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ജീവന്‍ നഷ്ടമാകുമ്പോള്‍ മറ്റു നിരവധി പേര്‍ക്ക് അതൊരു വലിയ പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയാണിത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items