ഹൈവേ
പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ രണ്ടു പോലിസുകാരുടെ കാല്‍ മുറിച്ചു
മാറ്റി. മംഗളൂരു തേജസ്വിനി ആശുത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് പിലിക്കോട്
സ്വദേശി കെ.എം.സൂരജ് (36), ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യു (37) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്. അലോഷ്യസിന്റെ വലതുകാലും
സൂരജിന്റെ ഇടതുകാലുമാണ് മുറിച്ചത്.
രാത്രിയില്‍
ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയിട്ട പോലീസ് ജീപ്പില്‍ നിയന്ത്രണം തെറ്റിയെത്തിയ
കാറിടിച്ച് ഇരുവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ
സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇരുവരും. ഇക്കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാതയില്‍
പടന്നക്കാട്ടായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കായി റോഡരികില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടശേഷം
അതിനുപിറകില്‍ നില്‍ക്കുകയായിരുന്നു ഇരുവരും. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാറാണ്
നിയന്ത്രണം വിട്ടെത്തിയത്.
സൂരജിനെയും
അലോഷ്യസിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം പോലീസ് ജീപ്പിലിടിച്ചാണ് കാര്‍ നിന്നത്.
ജില്ലാ പോലീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു സൂരജ്. കാലുകള്‍
മുറിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇരുവര്‍ക്കും പോലീസില്‍ തുടരാനുള്ള ശാരീരികക്ഷമതാ
സാക്ഷ്യപത്രം കിട്ടില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും വകുപ്പിലേക്ക് ജോലി
മാറ്റണമെന്ന ആവശ്യമാണ് പോലീസ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.
