കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍. കുവൈറ്റിലെ ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് കുവൈറ്റ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ ലക്ഷ്യമിട്ടുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുവൈറ്റിിന്റെ ഈ അടിയന്തര നീക്കം.
ഇറാന്റെ ആക്രമണങ്ങളെ ജി സി സി ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയര്‍ത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കുവൈറ്റ് കാണുന്നത്. നിരവധി ഡ്രോണുകള്‍ വിമാനത്താവള ടെര്‍മിനല്‍ ലക്ഷ്യമാക്കി എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സ്റ്റാഫ് സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും, ലാന്‍ഡ് ചെയ്യേണ്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
അതേസമയം, കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ മരണം കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും, കുവൈറ്റ്് ഭരണകൂടവുമായി സഹകരിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും എംബസി എക്‌സിലൂടെ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ സായുധ സേന സജ്ജമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധം തീര്‍ത്ത് യുഎസും കുവൈറ്റ് സൈന്യവും ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈറ്റിനു നേരെ ഇറാന്‍ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ തകരുകയോ തെന്നിമാറുകയോ ചെയ്തു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈന് നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകള്‍ യുഎസിന്റെയും ബഹ്‌റൈന്റെയും വ്യോമപ്രതിരോധ സേനകള്‍ വെടിവച്ചിട്ടു.
ഇതിന് പുറമേ അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം തകര്‍ത്തു. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം യുഎസ് പൂര്‍ണ്ണമായി നിഷേധിച്ചു. തിരിച്ചടിയായി ഇറാനിലെ സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. ലബനന്‍ വിഷയം; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍ യുഎസും ഇറാനും തമ്മില്‍ ഏപ്രില്‍ 8 മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നെങ്കിലും, ലബനനിലെ ഇസ്രയേലിന്റെ വര്‍ധിച്ചുവരുന്ന സൈനിക നീക്കങ്ങള്‍ ഈ കരാര്‍ തകരാന്‍ കാരണമാകുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ആക്രമണം ഉണ്ടായത്. അതിനിടെ, ഫെബ്രുവരി 28 നുണ്ടായ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പരുക്കേറ്റ ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി ജീവനോടെയുണ്ടെന്നും ഇറാന്റെ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഉപരോധങ്ങള്‍ നീക്കുന്നതിന് ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ പരിമിതപ്പെടുത്തണമെന്നും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്ന് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.
