മുല്ലൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേധാവിത്വം. ഒന്നാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 564 റൺസെന്ന കൂറ്റൻ സ്കോറിന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ 5 വിക്കറ്റുകൾ പിഴുതു കഴിഞ്ഞു. രണ്ടാം ദിനം കളി നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ 5 വിക്കറ്റിന് 113 റൺസ് എന്ന നിലയിലാണ്. 43 റൺസോടെ റഹ്മത്ത് ഷായാണ് ക്രീസിലുള്ളത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 451 റൺസ് പിന്നിലുള്ള അഫ്ഗാൻ ഇപ്പോൾ കടുത്ത ഫോളോഓൺ ഭീഷണിയിലാണ്. ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ ടെസ്റ്റ് കളിക്കുന്ന യുവ ഓഫ് സ്പിന്നർ മാനവ് സുതറിന്റെ തകർപ്പൻ ബൗളിംഗാണ് അഫ്ഗാനെ പ്രതിരോധത്തിലാക്കിയത്. താരം 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് 2 വിക്കറ്റ് ലഭിച്ചു. അബ്ദുൾ മാലിക്ക് (16), സെദിഖുള്ള അടൽ (17), റഹ്മാനുള്ള ഗുർബാസ് (12), ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി (20), അഫ്സർ സസായ് (3) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. നേരത്തെ ശുഭ്മാൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
സായ് സുദർശൻ (81), റിഷഭ് പന്ത് (81), വാഷിംഗ്ടൺ സുന്ദർ (പുറത്താകാതെ 52) എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങി. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സെയ്ഫി 6 വിക്കറ്റുകൾ വീഴ്ത്തി. 3 വിക്കറ്റിന് 368 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ ക്യാപ്റ്റൻ ഗിൽ, പന്ത്, ധ്രുവ് ജുറെൽ (19) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു.
177 പന്തിൽ 15 ഫോറും
ഒരു സിക്സുമടക്കമാണ് ഗിൽ 126 റൺസെടുത്തത്. 121 പന്തിൽ 6 ഫോറും 3 സിക്സും
പറത്തിയാണ് പന്ത് 81 റൺസടിച്ചത്. തുടർന്ന് വാഷിംഗ്ടൺ
സുന്ദറും അരങ്ങേറ്റ താരം മാനവ് സുതറും (28) ചേർന്നാണ്
ഇന്ത്യൻ സ്കോർ 500 കടത്തിയത്. രണ്ടു സിക്സും രണ്ടു
ഫോറുമുൾപ്പെടെ ഏകദിന ശൈലിയിലായിരുന്നു മാനവിന്റെ ഇന്നിങ്സ്. മാനവ് പുറത്തായതിനു
പിന്നാലെയെത്തിയ സിറാജ് 12 പന്തിൽ 22 റൺസെടുത്തു.
ഒരു സിക്സും 4 ഫോറുമാണ് സിറാജ് പായിച്ചത്. വാലറ്റത്ത്
കുൽദീപ് യാദവ് (9) പുറത്താകാതെ നിന്നു.
