AI Image
ബല്ലിയ (ഉത്തര്‍പ്രദേശ്):
വിവാഹത്തിന് വരന്റെ വീട്ടുകാര്‍ സമ്മാനിച്ച സാരി ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന്
വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ കഴിഞ്ഞ
ശനിയാഴ്ചയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരു കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം
ഒടുവില്‍ വലിയ സംഘര്‍ഷത്തിലേക്കും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുന്നതിലേക്കും
നയിച്ചു.
രേവതി പോലീസ്
സ്റ്റേഷന്‍ പരിധിയിലുള്ള ഗായ്ഘട്ട് ഗ്രാമത്തിലെ പഞ്ചരുഖി ദേവി ക്ഷേത്രത്തില്‍
വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തില്‍ വെച്ച്
വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരന്റെ വീട്ടുകാര്‍ വധുവിനായി
സാരി നല്‍കിയത്. എന്നാല്‍ സാരി കണ്ട യുവതി,
അത്
തനിക്ക് അനുയോജ്യമല്ലെന്നും ഗുണനിലവാരമില്ലാത്തതാണെന്നും ആരോപിച്ച് വിവാഹത്തില്‍
നിന്നും പിന്മാറുകയായിരുന്നു.
യുവതിയെ
അനുനയിപ്പിക്കാന്‍ വീട്ടുകാരും ബന്ധുക്കളും ഏറെ പരിശ്രമിച്ചെങ്കിലും വധു പിന്മാറാന്‍
തയ്യാറായില്ല. ഇതോടെ ഇരു വീട്ടുകാരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ആരംഭിച്ചു.
തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ വധുവിന്റെ മാതാവിനും സഹോദരനുമടക്കം മൂന്ന്
പേര്‍ക്ക് പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് വരനും
സംഘവും മടങ്ങി. സംഭവത്തിന് പിന്നാലെ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍
കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ്
ഫാഹിം ഖുറേഷി അറിയിച്ചു.
