പെണ്ണുങ്ങള്‍ മിണ്ടിയില്ലെങ്കില്‍ 'സമ്മതം'; കന്യകമാരെ കെട്ടാന്‍ പുതിയ താലിബാന്‍ നിയമം! ഹിബത്തുള്ള അഖുന്ദ്സാദയുടെ കിരാത ഉത്തരവ് പുറത്ത്; ശൈശവ വിവാഹത്തിന് പച്ചക്കൊടി; അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ ജീവിതം നരകതുല്യം; മനുഷ്യാവകാശങ്ങള്‍ വെറും കടലാസില്‍!


കാബൂള്‍: പരിഷ്‌കൃത ലോകം അമ്പരപ്പോടെ നോക്കിനില്‍ക്കെ, സ്ത്രീവിരുദ്ധതയുടെ പുതിയ അധ്യായം തുറന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. കന്യകയായ ഒരു പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വിചിത്രവും കിരാതവുമായ നിയമമാണ് താലിബാന്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നല്‍കിയ 31 വകുപ്പുകളുള്ള പുതിയ നിയമാവലിയിലാണ് പെണ്ണുങ്ങളുടെ നാവടക്കുന്ന ഈ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ കന്യകയായ പെണ്‍കുട്ടിയോട് വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിക്കുമ്പോള്‍ അവള്‍ മറുപടി പറയുന്നില്ലെങ്കില്‍ അത് 'സമ്മതമായി' കൂട്ടി മംഗല്യം നടത്താമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഇതേ ആനുകൂല്യം ആണ്‍കുട്ടികള്‍ക്കോ മുമ്പ് വിവാഹിതരായ സ്ത്രീകള്‍ക്കോ ലഭിക്കില്ല. ആണ്‍കുട്ടികള്‍ വാക്കാല്‍ തന്നെ സമ്മതം അറിയിക്കണം. ചുരുക്കത്തില്‍, പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലേക്കാണ് അഫ്ഗാനിസ്ഥാന്‍ വീണ്ടും കൂപ്പുകുത്തുന്നത്.

ശൈശവ വിവാഹങ്ങള്‍ക്കും പുതിയ നിയമം നിയമപരമായ സാധുത നല്‍കുന്നുണ്ട്. പിതാക്കന്മാര്‍ക്കും മുത്തശ്ശന്മാര്‍ക്കും പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ അമിതാധികാരമാണ് നല്‍കിയിരിക്കുന്നത്. ആര്‍ത്തവാരംഭത്തിന് ശേഷം വേണമെങ്കില്‍ വിവാഹം റദ്ദാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അതിന് താലിബാന്‍ കോടതികളുടെ തിണ്ണ നിരങ്ങേണ്ടി വരും. കടങ്ങള്‍ തീര്‍ക്കാനും പണം കണ്ടെത്താനും പിഞ്ചുകുഞ്ഞുങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്ന പ്രാകൃത രീതിക്ക് താലിബാന്‍ ഭരണകൂടം ഔദ്യോഗികമായി അംഗീകാരം നല്‍കിയിരിക്കുകയാണ്. താലിബാന്‍ വന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെ വില്‍ക്കുന്ന രീതി വ്യാപകമായെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. 500 ഡോളര്‍ മുതല്‍ 3000 ഡോളര്‍ വരെ (ഏകദേശം 40,000 മുതല്‍ 2.5 ലക്ഷം രൂപ വരെ) നല്‍കിയാല്‍ പിഞ്ചുബാലികമാരെ വിവാഹം കഴിച്ച് നല്‍കാമെന്ന ദുരവസ്ഥ അവിടെയുണ്ട്. ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമാവലി. വിവാഹ മോചനം, കാണാതായ ഭര്‍ത്താക്കന്മാര്‍, വിവാഹേതര ബന്ധം തുടങ്ങിയവയെല്ലാം 31 വകുപ്പുകളിലായി താലിബാന്‍ ക്രോഡീകരിച്ചിട്ടുണ്ട്. ലോകം ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കുതിക്കുമ്പോള്‍, അഫ്ഗാന്‍ സ്ത്രീകളെ വീടിനുള്ളിലെ തടവറകളിലേക്ക് തള്ളിവിടുന്ന താലിബാന്റെ ഈ പുതിയ 'ഫത്വ'യ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items