മോഹൻലാൽ - ദിലീഷ് പോത്തൻ ചിത്രം വരുന്നു; നിർമ്മാണം ഷിബു ബേബി ജോൺ; ബിഗ് പ്രൊജക്ട് ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ; ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് നിർമ്മാതാവ്


കൊച്ചി: മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ വമ്പൻ കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ജനപ്രിയ സംവിധായകൻ ദിലീഷ് പോത്തനും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻപ് 'മലൈക്കോട്ടൈ വാലിബൻ' നിർമ്മിച്ച ഷിബു ബേബി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ദൃശ്യം 3' റിലീസിന് മുന്നോടിയായി ആരാധകരുമായി നടത്തിയ പ്രത്യേക സംവാദത്തിനിടയിലാണ് ആന്റണി പെരുമ്പാവൂർ ലാലേട്ടൻ ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ചത്. "ഷിബു ബേബി ജോണിന്റെ നിർമ്മാണത്തിൽ ലാലേട്ടൻ ഒരു ചിത്രം ചെയ്യുന്നുണ്ട്. ദിലീഷ് പോത്തൻ തന്നെയാണ് അത് സംവിധാനം ചെയ്യുന്നത്. കാര്യങ്ങളെല്ലാം തീരുമാനമായിട്ടുണ്ട്. ആരാധകർക്ക് കാണാൻ താല്പര്യമില്ലാത്ത പ്രൊജക്ടുകൾ ചെയ്യാതിരിക്കാൻ ഇപ്പോൾ പരമാവധി ശ്രമിക്കുന്നുണ്ട്. നല്ല മികച്ച ചിത്രങ്ങൾ ഇനിയും വരും"– ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ നൂറാം ചിത്രത്തിന്റെ ഷൂട്ടിങ് ഈ വരുന്ന ഡിസംബറിൽ ആരംഭിക്കുമെന്നും ആന്റണി അറിയിച്ചു. ഒപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ 'എമ്പുരാൻ' വലിയ വിവാദങ്ങളിൽപ്പെട്ടതോടെ മൂന്നാം ഭാഗം അനിശ്ചിതത്വത്തിലാണെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നു. എന്നാൽ മൂന്നാം ഭാഗമായ 'അസ്രയേൽ' ഉറപ്പായും ഉണ്ടാകുമെന്നാണ് ആന്റണി പറയുന്നത്. "അസ്രയേൽ നൂറു ശതമാനവും ഉണ്ടാവും. നമുക്ക് മുൻപത്തെ ക്ഷീണം തീർക്കേണ്ടേ? അങ്ങനെയുള്ള മാസ് പടങ്ങൾ വന്നാലല്ലേ തിയേറ്ററുകളിൽ ഒരു അനക്കമുണ്ടാവൂ. ഒരു പൊടി ഗ്യാപ്പിൽ വന്നാൽ മതി എന്നുമാത്രം. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ"– ആന്റണി പെരുമ്പാവൂർ മനസ്സ് തുറന്നു. നിലവിൽ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ മാറ്റേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ആന്റണി പെരുമ്പാവൂർ ആദ്യമായി വെളിപ്പെടുത്തി: "ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ചിത്രം യഥാർത്ഥത്തിൽ ഒരു നവാഗത സംവിധായകനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് കൃത്യം ഒരു മാസം മുൻപ് അവനെ കാണാതായി. നമുക്കിപ്പോൾ വലിയ പരീക്ഷണങ്ങൾക്ക് പോകാൻ പേടിയാണ്. അവൻ പേടിച്ചിട്ട് പിന്നീട് ഫോൺ പോലും എടുത്തില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല, പാനിക് ആയിപ്പോയതാകാം. അങ്ങനെയുള്ള ആളുകളുടെ കൂടെ റിസ്ക് എടുക്കാൻ പേടിയുണ്ട്"– ആന്റണി പറഞ്ഞു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടൻ ഡാൻ ഓസ്റ്റിന്റെ സംവിധാനത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരുന്നു ആഷിഖ് ഉസ്മാൻ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന് തൊട്ടുമുൻപ് ഡാൻ ഓസ്റ്റിനെ കാണാതായതോടെയാണ് ഈ പ്രൊജക്ട് ഉപേക്ഷിച്ച് തരുൺ മൂർത്തിയെ ഏൽപ്പിച്ചതും 'അതിമനോഹരം' ആരംഭിച്ചതും. ഈ ചിത്രത്തിലും പോലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നേരത്തെ ഷിബു ബേബി ജോൺ നിർമ്മിച്ച ആദ്യ ചിത്രമായ 'മലൈക്കോട്ടൈ വാലിബന്' രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് ആ ആശയത്തിൽ നിന്ന് പൂർണ്ണമായി പിന്മാറിയതായി ഷിബു ബേബി ജോൺ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ദിലീഷ് പോത്തൻ-മോഹൻലാൽ ചിത്രവുമായി അദ്ദേഹം എത്തുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items