ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരറാണി
ആരാണെന്ന് ചോദിച്ചാല്‍, ഒറ്റ ഉത്തരമേ ഇതുവരെ
ഉണ്ടായിരുന്നുള്ളൂ, നമ്മുടെ തിരുവല്ലക്കാരി നയന്‍താര. പക്ഷേ
ഇപ്പോള്‍ 'ക്വീന്‍ ഓഫ് സൗത്ത് ഇന്ത്യ' എന്ന്
അറിയപ്പെടുന്ന മറ്റൊരു താരറാണി, നയന്‍സിനെ
കടത്തിവെട്ടിയിരിക്കയാണ്. പത്തുകോടിയാണ് നയന്‍താര പ്രതിഫലം വാങ്ങുന്നതെങ്കില്‍,
12 കോടി രൂപ പ്രതിഫലം വാങ്ങുന്നത് മറ്റാരുമല്ല, തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഇദയക്കനിയായ തൃഷയാണ്. കമല്‍ഹാസനും
രജനീകാന്തും ഒന്നിച്ചെത്തുന്നു, നെല്‍സണ്‍ ദിലീപ്കുമാര്‍
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 12 കോടിയാണ് തൃഷക്ക്
പ്രതിഫലം ഓഫര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും രസാവഹം വിജയുടെ രാഷ്ട്രീയ
എതിരാളിയും പ്രതിപക്ഷ നേതാവുമായ ഉദയനിധിസ്റ്റാലിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍
ഒരാളെന്നതാണ്!
എല്ലാവിമര്‍ശനങ്ങളെയും കാറ്റില്‍പറത്തി വിജയ് അധികാരമേറ്റതോടെ,
തൃഷയും ശ്രദ്ധാകേന്ദ്രമായിരിക്കയാണ്. കാരണം വിജയുമായുള്ള
ബന്ധത്തിന്റെ പേരില്‍ അത്രയേറെ അപമാനങ്ങളാണ്, തൃഷയും
സഹിച്ചത്. 2026 ഫെബ്രുവരിയില്‍ വിജയിന്റെ ഭാര്യ സംഗീത
വിവാഹമോചന ഹര്‍ജി നല്‍കിയതും, അതില്‍ വിജയിക്ക് ഒരു
നടിയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചതും തൃഷയിലേക്കാണ് വിരല്‍ ചൂണ്ടിയത്.
കുടുംബബന്ധങ്ങള്‍ക്ക് വലിയ വിലകൊടുക്കുന്ന തമിഴ്നാട്ടില്‍ ഈ വിവാഹമോചനം വിജയ്യെ
ബാധിക്കുമെന്നാണ് എല്ലാവരും കരുതിയത്. 'സ്വന്തം ഭാര്യയെ
സംരക്ഷിക്കാന്‍ കഴിയാത്ത വിജയ് എങ്ങനെ ഒരു നാട് സംരക്ഷിക്കുമെന്ന്' ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയെങ്കിലും, എല്ലാവരെയും ഞെട്ടിച്ച് വിജയ് ജയിച്ചുകയറി. തുടര്‍ന്ന് തമിഴക വെട്രി കഴകം
നേതാവായ വിജയിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ പങ്കെടുത്തതും
വലിയ മാധ്യമശ്രദ്ധ നേടി. വിജയ്യുടെ സ്ഥാനാരോഹണ ചടങ്ങില്‍ അമ്മ ഉമാ കൃഷ്ണന്റെ
ഒപ്പമാണ് തൃഷ ഇരുന്നതും.
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പോടെ വിജയിന്റെ പാര്‍ട്ടിയിലൂടെ
തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശക്തമായ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
വിജയ് ഒഴിഞ്ഞു നല്‍കിയ ട്രിച്ചി സീറ്റില്‍ തൃഷ മത്സരിക്കും എന്നതും ഊഹാപോഹങ്ങളുടെ
പട്ടികയിലുണ്ട്. അതോടെ മറ്റൊരു ജയലളിതയുടെ ആരോഹണമാണോ തമിഴകം സാക്ഷ്യം വഹിക്കുക
എന്നും ചോദ്യം ഉയരുന്നു. ഇന്ത്യന്‍ സിനിമാലോക്ക് 'സൗത്ത്
ക്വീന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടി തൃഷ 1983 മേയ് 4-ന് ചെന്നൈയില്‍ ഒരു തമിഴ് അയ്യര്‍
കുടുംബത്തിലാണ് ജനിച്ചത്. കൃഷ്ണന്‍, ഉമ കൃഷ്ണന്‍ എന്നിവരുടെ
ഏക മകളാണ്. കൃഷ്ണന്‍ പ്രമുഖ ഹോട്ടല്‍ ശൃംഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
ഉമാ കൃഷ്ണന്‍ വീട്ടമ്മയായിരുന്നു. പിന്നീട് തൃഷയുടെ മാനേജറായി അമ്മ ഒപ്പം നിന്നു.
കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉമയ്ക്ക് സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം
ചെയ്തിരുന്നെങ്കിലും മകളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ അത്
നിരസിക്കുകയായിരുന്നു. ഒരു അപ്പര്‍ മിഡല്‍ക്ലാസ് കുടുംബമായിരുന്നു അത്. സിനിമയില്‍
വരുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് സുരക്ഷിതവും ആഡംബരപൂര്‍ണ്ണവുമായ
ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ സേക്രഡ് ഹാര്‍ട്ട്
മെട്രിക്കുലേഷന്‍ സ്‌കൂളിലായിരുന്നു തൃഷയുടെ വിദ്യാഭ്യാസം. ചെന്നൈ എതിരാജ്
കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. പഠനകാലത്ത് തന്നെ
മോഡലിംഗില്‍ താല്പര്യം കാണിച്ച തൃഷ 1999-ല്‍ 'മിസ് ചെന്നൈ' കിരീടം ചൂടിയതോടെയാണ്
ശ്രദ്ധിക്കപ്പെടുന്നത്.
