പാര്‍ട്ടികോട്ടകളില്‍ നിന്നും വോട്ടുകള്‍ ചോര്‍ന്നത് ഭരണവിരുദ്ധ വികാരമല്ല; പിണറായിയുടെയും എം വി ഗോവിന്ദന്റെയും അഹന്തയോടുള്ള ശൈലി ജനങ്ങളെ വെറുപ്പിച്ചു; ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്ന് അറിയാമായിരുന്നിട്ടും നേതാക്കള്‍ തടഞ്ഞില്ല; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനം

 


കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ആദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ തുറന്ന വിമര്‍ശനമുയരുന്നത്. അസംതൃപ്തരായ പിണറായി വിഭാഗം നേതാക്കള്‍ ഒന്നാകെ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൂട്ടുത്തരവാദിത്വം കാണിക്കുന്നില്ലെന്നും തളിപറമ്പ്, പയ്യന്നൂര്‍ വിഷയങ്ങളില്‍ അപക്വമായി ഇടപെട്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും ആരോപണം ഉയര്‍ന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ധാര്‍ഷ്ട്യവുമാണെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരവും തോല്‍വി ക്കിടയാക്കിയെന്ന വിമര്‍ശനും മറയില്ലാതെ ഉയര്‍ന്നു. ഇന്നലെ അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്നസിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്നു. നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം

പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്ന് അനുഭവിച്ചതായി ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി പിണറായി തിരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ വിളിച്ചു ചോദിച്ചത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ മുഴുവന്‍ ക്ഷമയോടെ നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു ഗോവിന്ദന്‍. ആരെയും കൂടുതല്‍ സമയമെടുത്ത് സംസാരിക്കുന്നതിലോ വിമര്‍ശനം കടുപ്പിക്കുന്നതിലോ വിലക്കിയില്ല.

മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഇപി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരെസന്ദര്‍ശിച്ചു തന്റെ അതൃപ്തി വ്യക്തമാക്കിയിട്ടും തടഞ്ഞു നിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല .കെ കെ രാഗേഷ് ഈ കാര്യത്തില്‍ നിഷ്‌ക്രീയനായി നിന്നു. പിണറായി വിളിച്ചിരുന്നുവെങ്കില്‍ താന്‍ പാര്‍ട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇവിടെ മൊട്ടുസൂചി വീണാല്‍ പോലും മുഖ്യമന്ത്രിയെ അറിയിക്കുന്ന ജില്ലാ സെക്രട്ടറി എന്തേ ഈ കാര്യം അറിയിച്ചില്ലെന്ന ചോദ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി.അയാള്‍ പോകുന്നെങ്കില്‍ പോകട്ടെയെന്ന നിലപാടാണ് ഈ കാര്യത്തില്‍ സ്വീകരിച്ചത്. തളിപ്പറമ്പില്‍ എന്‍ സുകന്യയുടെ പേര് കൂടി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു എന്നാല്‍ ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ ലിസ്റ്റില്‍ പി കെ ശ്യാമളയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളു. ഇതു പാര്‍ട്ടി അണികള്‍ക്കിടെയിലും ആശയ കുഴപ്പവും അതൃപ്തിയുണ്ടാക്കി. മോറാഴയിലും ആന്തൂരിലും മല പട്ടത്തും എതിരാളികള്‍ പോലുമില്ല ഇവിടെ ടികെ ഗോവിന്ദന് പാര്‍ട്ടി, ലോക്കല്‍ നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരും വോട്ടു ചെയ്തിട്ടുണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട ഓപണ്‍ വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പോയി.

പയ്യന്നൂരില്‍ ടി ഐ മധുസുദനന്‍ ജയിക്കുമെന്ന് പാര്‍ട്ടി അമിതമായി വിശ്വസിച്ചു. അന്‍പതിനായിരത്തിന് ജയിച്ച മണ്ഡലത്തിലാണ് ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് തോറ്റത്. ബി ജെ പി യുടെ പതിനായിരം വോട്ടു മറിച്ചുവെന്ന് വാദിച്ചാലും തോല്‍വിയെ ന്യായീകരിക്കാനാവില്ല. ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായത് നെഞ്ചിടിപ്പ് കൂട്ടിയെന്ന് ഒരംഗം ചൂണ്ടികാട്ടി. മട്ടന്നൂരും കല്യാശേരിയും അഴിക്കോടും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞത് പരിശോധിക്കണം കണ്ണൂര്‍ മണ്ഡലം നഷ്ടമായി. കൂത്തുപറമ്പ് നേരിയ വ്യത്യാസത്തിനാണ് ആര്‍.ജെ ഡി സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത്. തങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്‍പോട്ടു പോയ നേതൃത്വത്തെ അണികള്‍തിരുത്തിയെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളിലൊരാള്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ തലവാചകം കടമെടുത്തു കൊണ്ട് പറഞ്ഞു. എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പി കെ ശ്രീമതി , എം വി ജയരാജന്‍, പി കെ ശ്രീമതി , പി ജയരാജന്‍തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പരാജയ കാരണങ്ങള്‍ വിലയിരുത്താനായി ഇന്നും നാളെയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചേരും.

നേരത്തെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അതിരുക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നുപിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം തെറ്റെന്നാണെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിഗണന ലഭിച്ചിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയെ അല്ല, കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ല. തോറ്റിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ മന്ത്രികൂടിയായ വീണാ ജോര്‍ജ്ജിനെ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, സി എസ് സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

പിണറായി വിജയന്‍ ഇളവുനേടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. പാര്‍ട്ടിയെ വിജയിപ്പിക്കുക എന്ന ചുമതല ആയിരുന്നു അപ്പോള്‍ ഏല്‍പിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിയ സ്ഥാനത്തെത്തുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. പിണറായി ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ ഉന്നയിച്ചു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items