തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി എ.ഐ.സി.സി. ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി. സതീശന്‍ ആദ്യം ചെയ്തത് യു.ഡി.എഫിന്റെ കരുത്തായ മുസ്ലിം ലീഗിനോടുള്ള കടപ്പാട് അറിയിക്കുക എന്നതായിരുന്നു. പ്രഖ്യാപനം വന്നാലുടന്‍ അദ്ദേഹം ഫോണില്‍ വിളിച്ചത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള തന്റെ യാത്രയില്‍ ലീഗ് നല്‍കിയ ഉറച്ച പിന്തുണയ്ക്കും പാറപോലെ കൂടെനിന്ന നിലപാടിനും സതീശന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു. കേരളത്തിന്റെ അമരക്കാരനായി സതീശന്‍ എത്തുമ്പോള്‍, ഇത് 'ടീം യു.ഡി.എഫിന്റെ' വിജയമാണെന്ന സന്ദേശമാണ് പാണക്കാട്ടേക്കുള്ള ഈ ആദ്യ ഫോണ്‍ വിളിയും ലീഗിന്റെ ആവേശകരമായ പ്രതികരണവും നല്‍കുന്നത്. മാധ്യമം ആണ് ആദ്യമായി പാണക്കാട് തങ്ങളെയാണ് വിളിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പതിനൊന്നു ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും ഡല്‍ഹിയിലെ രാഷ്ട്രീയ വടംവലികള്‍ക്കും വിരാമമിട്ടുകൊണ്ടാണ് വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും മേല്‍ സതീശന് മുന്‍ഗണന ലഭിച്ചതില്‍ ഘടകകക്ഷികളുടെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ നിലപാട് നിര്‍ണ്ണായകമായി. ദീര്‍ഘകാലമായി കോണ്‍ഗ്രസിന് ലഭിക്കാത്ത വലിയ ഭൂരിപക്ഷം 2026-ല്‍ നേടിക്കൊടുത്തതില്‍ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സതീശന്റെ പോരാട്ടവീര്യം ലീഗ് നേരത്തെ തന്നെ ശരിവെച്ചിരുന്നു. 'കേരളത്തിന്റെ പുതിയ അമരക്കാരന് ഹൃദയപൂര്‍വ്വം ആശംസകള്‍' എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത് ഈ പുതിയ നേതൃമാറ്റത്തോടുള്ള മുന്നണിയുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യമാണ്.
സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംതൃപ്തിയുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ജനാധിപത്യപരമായ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ തേടിയിരുന്നുവെന്നും തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സതീശന്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച 'ടീം യു.ഡി.എഫ്' എന്ന ശൈലി തന്നെയായിരിക്കും അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കുക എന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്ന് ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോണ്‍ഗ്രസിന്റേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യു.ഡി.എഫ് യോഗം ഉടന്‍ ചേരുമെന്നും ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും കൈപിടിച്ചുയര്‍ത്തിയ നായകന്‍ തന്നെ ഭരണത്തലവനാകണമെന്ന ലീഗിന്റെ കടുത്ത നിലപാടാണ് സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി സുഗമമാക്കിയത്. ഡല്‍ഹി ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്നണി ബന്ധത്തിന് വിള്ളല്‍ വീഴാതെ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത് യു.ഡി.എഫ് അണികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ശനിയാഴ്ചയോടെ വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. കെ.സി. വേണുഗോപാലിനെപ്പോലെയുള്ള അതികായന്മാരെ മറികടന്ന് സതീശന്‍ ഈ പദവിയിലെത്തുമ്പോള്‍ അത് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് മുന്നണിയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സതീശന്റെ നായകത്വത്തില്‍ കേരളം പുതിയൊരു ഭരണക്രമത്തിലേക്ക് മാറുന്നത് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം യു.ഡി.എഫിന്റെ കെട്ടുറപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു.