സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലിയോ പണമോ കൈപ്പറ്റിയ വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ഇ.ഡി; വീണയെയും സിഎംആര്‍എല്‍ ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യും; മാസപ്പടിക്കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ.ഡി. സിഎംആര്‍എല്‍ ഡയറിയിലെ ആ ചുരുക്കപ്പേരുകള്‍ ആരുടേത്? വീണ വിജയന് പിന്നാലെ യുഡിഎഫ് മന്ത്രിമാരും ഇഡിയുടെ അന്വേഷണത്തില്‍.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്  - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന് പുറമേ ഇപ്പോഴത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചന നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സി.എം.ആര്‍.എല്‍, ഡയറക്ടര്‍മാരായ എസ്. എന്‍. ശശിധരന്‍ കര്‍ത്താ, ശരണ്‍ എസ്. കര്‍ത്താ, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, അവരുടെ ഏകാംഗ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂര്‍, ബാംഗ്ലൂര്‍ തുടങ്ങി പത്തോളം കേന്ദ്രങ്ങളിലാണ് ഇ.ഡി കൊച്ചി സോണ്‍ ഒരേസമയം പരിശോധന നടത്തിയത്. 

പൊതുജനങ്ങള്‍ക്ക് 48.75 ശതമാനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് 13.41 ശതമാനവും ഓഹരി പങ്കാളിത്തമുള്ള പബ്ലിക് ലിസ്റ്റഡ് കമ്പനിയായ സി.എം.ആര്‍.എല്ലില്‍ 2019 ജനുവരിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 130 കോടിയോളം രൂപയുടെ വ്യാജ ചെലവുകള്‍ കണ്ടെത്തിയിരുന്നു. വിവിധ വ്യക്തികള്‍ക്ക് കൈക്കൂലി നല്‍കിയതായി സി.എം.ആര്‍.എല്‍ തന്നെ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന് (ITSC) മുന്നില്‍ സമ്മതിച്ചിട്ടുള്ളതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെങ്കിലും, അടിസ്ഥാനപരമായ കുറ്റകൃത്യം ഇല്ലെന്ന് കാട്ടി സി.എം.ആര്‍.എല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇ.ഡിയുടെ ബലപ്രയോഗ നടപടികള്‍ കോടതി തടയുകയും ചെയ്തിരുന്നു.

2025 ഏപ്രില്‍ 3-ന് കോര്‍പ്പറേറ്റ് തട്ടിപ്പിനെതിരെ ശശിധരന്‍ കര്‍ത്തയ്ക്കും മറ്റ് 12 പേര്‍ക്കുമെതിരെ എസ്.എഫ്.ഐ.ഒ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രൊസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്തതോടെ കേസില്‍ പി.എം.എല്‍.എ പ്രകാരമുള്ള അടിസ്ഥാന കുറ്റകൃത്യം നിലവില്‍ വന്നു. എസ്.എഫ്.ഐ.ഒ കണ്ടെത്തലനുസരിച്ച് സി.എം.ആര്‍.എല്‍ ലാഭവിഹിതം നല്‍കാതിരുന്നിട്ടും എം.ഡിയായ ശശിധരന്‍ കര്‍ത്തയും മകനും ചേര്‍ന്ന് 30.63 കോടി രൂപ പ്രതിഫലമായി കൈപ്പറ്റുകയും, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വിവിധ വ്യക്തികള്‍ക്ക് കൈക്കൂലി നല്‍കാനായി 182 കോടി രൂപയുടെ വ്യാജ പണച്ചെലവുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കര്‍ത്തായുടെ കുടുംബത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് സി.എം.ആര്‍.എല്‍ വഴി 91 കോടി രൂപ നല്‍കിയതായും കണ്ടെത്തി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, സി.എം.ആര്‍.എല്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളി. പി.എം.എല്‍.എ അന്വേഷണം നിയമസാധുതയുള്ളതാണെന്നും അന്വേഷണത്തിന് പ്രെഡിക്കേറ്റ് ഒഫന്‍സ് മുന്‍കൂട്ടി ആവശ്യമില്ലെന്നും വ്യക്തമാക്കിയ കോടതി, എസ്.എഫ്.ഐ.ഒ പരാതി നല്‍കിയതോടെ കുറ്റകൃത്യം നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ വഴിതുറന്നത്.

സി.എം.ആര്‍.എല്‍ രേഖപ്പെടുത്തിയ വ്യാജ ചെലവുകളില്‍ പ്രധാനപ്പെട്ടത് മുന്‍ മുഖ്യമന്ത്രി പി. വിജയന്റെ മകള്‍ വീണയ്ക്ക് യാതൊരുവിധ സേവനങ്ങളും നല്‍കാതെ ഐ.ടി കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ നല്‍കിയ 2.78 കോടി രൂപയാണ്. ഇതിന് പുറമേ ശശിധരന്‍ കര്‍ത്തായുടെ ഉടമസ്ഥതയിലുള്ള 'ഇ.ഐ.സി.പി.എല്‍' എന്ന കമ്പനി വഴി തിരിച്ചടവ് ഉറപ്പില്ലാതിരുന്നിട്ടും എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായും നല്‍കിയിരുന്നു. വീണ വിജയന്‍ തിരുവനന്തപുരത്ത് പിതാവ് പിണറായി വിജയനൊപ്പമാണ് താമസമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി സംഘം അവിടെ പരിശോധനയ്‌ക്കെത്തുമ്പോള്‍ മുന്‍ മുഖ്യമന്ത്രിയും വീട്ടിലുണ്ടായിരുന്നുവെന്നും പരിശോധനയില്‍ കുറ്റകൃത്യം തെളിയിക്കുന്ന നിരവധി രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍ എന്നിവ കണ്ടെത്തിയെന്നും ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. 

വിവിധ ബാങ്കുകളിലായി കണ്ടെത്തിയ ഏകദേശം 242 അക്കൗണ്ടുകളിലായി 18.36 കോടിയോളം രൂപ മരവിപ്പിച്ചു . ഇതില്‍ വീണയുടെ മൂന്ന് അക്കൗണ്ടുകളും എക്‌സാലോജിക്കിന്റെ എച്ച്.ഡി.എഫ്.സി അക്കൗണ്ടും ഉള്‍പ്പെടുന്നു. വീണയുടെ വ്യക്തിഗത മൊബൈല്‍ ഫോണും ഇ.ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുന്‍പ് വീണയുടെ സാന്നിധ്യത്തില്‍ തുറക്കണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് വിവരം.

തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്ടിലെ എട്ടര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ.ഡി സെര്‍ച്ച് ടീമിനും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ഒരു കൂട്ടം ആളുകള്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് വടികളും ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടുവെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച 3 കാറുകള്‍ തല്ലിത്തകര്‍ക്കുകയും ഒരു ഡ്രൈവര്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇത് പെട്ടെന്നുണ്ടായ പ്രതികരണമല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ ചിലര്‍ ഒത്താശ ചെയ്ത് നടത്തിയ അക്രമമാണെന്നും ഇ.ഡി വിലയിരുത്തുന്നു. 

 നിയമനടപടികള്‍ പാലിച്ച് ബലപ്രയോഗത്തിന് മുതിരാതിരുന്ന ഇ.ഡി, നിലവില്‍ തിരുവനന്തപുരം പോലീസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ അക്രമസംഭവം വീണ വിജയനെതിരെ നിയമപരമായി ആയുധമാക്കാനാണ് ഇ.ഡിയുടെ നീക്കം. കടുത്ത പ്രതിഷേധവും അക്രമവും കാരണം സ്ഥലത്തുവെച്ച് വീണയുടെ മൊഴി പൂര്‍ണ്ണമായി രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും, അതിനാല്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡി കോടതിയെ അറിയിക്കും. സമന്‍സിനെതിരെ വീണ കോടതിയെ സമീപിച്ചാല്‍ ഈ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇ.ഡി കടുത്ത നിലപാട് സ്വീകരിക്കും. ആദ്യം സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷം വീണയ്ക്ക് സമന്‍സ് അയക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി വീണ വിജയന് ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയക്കും.

സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ ഉറവിടത്തിലേക്കും ഇ.ഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സി.എം.ആര്‍.എല്ലിന്റെ പക്കല്‍ നിന്നും മുന്‍പ് പിടിച്ചെടുത്ത ഡയറികളിലെ ചുരുക്കപ്പേരുകള്‍ കേന്ദ്രീകരിച്ച്, ഇപ്പോഴത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച കൈക്കൂലിയുടെയും അവിഹിത സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ ഈ ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും സമന്‍സ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items