കോട്ടയം:
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിനെതിരെയും കോണ്‍ഗ്രസിന്റെ
ആഭ്യന്തര കാര്യങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടുന്നതിനെതിരെയും രൂക്ഷവിമര്‍ശനവുമായി
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. കോട്ടയത്ത്
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുഡിഎഫിലെ നിലവിലെ രാഷ്ട്രീയ
സാഹചര്യങ്ങളില്‍ അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര
കാര്യമാണെന്നും അതില്‍ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഇടപെടേണ്ട
കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നിശ്ചയിക്കുന്ന
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകണം. എന്നാല്‍ ഇപ്പോള്‍
നടക്കുന്ന ചര്‍ച്ചകളില്‍ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്
ദുരൂഹമാണ്. ഇത്തരത്തിലുള്ള ഇടപെടലുകളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ് അവരുടെ അഭിപ്രായം തേടിയത്
തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് അടക്കമുള്ള കക്ഷികള്‍
വരാനിരിക്കുന്ന ചില താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍
നീങ്ങുന്നതെന്നും ഇതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ ലഭിച്ച 102 സീറ്റിന്റെ
തിളക്കം ഇത്തരം ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കിയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ഒരു ഭരണം ഉണ്ടോ എന്ന് സംശയമാണ്. സ്‌കൂള്‍ തുറക്കാന്‍
ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ട്.
എന്നാല്‍ ഇതൊന്നും പരിഹരിക്കാന്‍ നിലവില്‍ ആളില്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ഒരു
തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് ലഭിച്ച സീറ്റുകളില്‍ നിന്ന് 30 എണ്ണം എങ്കിലും കുറയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഒരു
ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പോലും ജനവികാരം തിരിച്ചടിയാകുമെന്നും അദ്ദേഹം
മുന്നറിയിപ്പ് നല്‍കി.
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന മുന്‍പത്തെ
നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. വകുപ്പ് കൂടുതല്‍ ജനകീയമാകണമെങ്കില്‍ കോണ്‍ഗ്രസ്
അത് കൈകാര്യം ചെയ്യണം. ഇക്കാര്യം എന്‍എസ്എസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
കൂടാതെ, രമേശ് ചെന്നിത്തലയുമായി തനിക്ക് വ്യക്തിപരമായ
ബന്ധമാണുള്ളതെന്നും മുന്‍പ് അദ്ദേഹത്തിന് വേണ്ടി 'താക്കോല്‍
സ്ഥാനം' ആവശ്യപ്പെട്ടത് പ്രത്യേക
സാഹചര്യത്തിലായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് ലീഗ് അഞ്ചാം
മന്ത്രിസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ ചില സമുദായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്
വേണ്ടിയാണ് എന്‍എസ്എസ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍
വിശദീകരിച്ചു
