രാജപുരം (കാസർകോട്) കാട് വെട്ടിത്തെളിക്കുന്നതിനിടെ കൃഷിയിടത്തിലേക്കെത്തിയ അധ്യാപകന്‍
പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പനത്തടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അധ്യാപകന്‍ ബളാന്തോട് ചാമുണ്ഡിക്കുന്നിലെ സി.വിജയകുമാര്‍ (56)
ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ചാമുണ്ഡിക്കുന്ന്
തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാര്‍ (41), രാഘവന്‍ (70),
കേശവന്‍ (57), ചന്ദ്രന്‍ (50) എന്നിവര്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ചാമുണ്ഡിക്കുന്ന്
കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിൽ കാട് വെട്ടിത്തെളിക്കുന്ന
തൊഴിലാളികൾക്കടുത്തേക്ക് പോയതായിരുന്നു വിജയകുമാർ. അതിനിടയില്‍ പെരുന്തേനീച്ച കൂട്ടം ഇളകിയെത്തി
വിജയകുമാറിനെയും തൊഴിലാളികളെയും ആക്രമിക്കുകയായിരുന്നു. തേനീച്ച കൂട്ടമായി
എത്തിയതോടെ വിജയകുമാറടക്കം അഞ്ചുപേരും രക്ഷപ്പെടാനായി പലവഴിക്ക് ഓടി.
സുരക്ഷിതസ്ഥാനത്തെത്തിയശേഷം തൊഴിലാളികള്‍ പരസ്പരം ഫോണില്‍ വിളിച്ച് അപകടമില്ലെന്ന്
ഉറപ്പാക്കി. എന്നാല്‍ വിജയകുമാറിനെ മാത്രം ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല.
തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ
തിരച്ചിലില്‍ സമീപത്തെ കൃഷിയിടത്തിലെ തെങ്ങിന്‍ചുവട്ടില്‍ വിജയകുമാറിനെ
ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്തടുക്കയിലെ സ്വകാര്യ
ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈ മാസം 31-ന് സര്‍വീസില്‍നിന്ന്
വിരമിക്കാനിരിക്കെയാണ് വിജയകുമാറിന്റെ മരണം.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. അച്ഛന്‍:
പരേതനായ ചന്ദ്രശേഖരന്‍ നായര്‍. അമ്മ: രത്‌നമ്മ. ഭാര്യ: ശ്രീജ. മക്കള്‍: അഞ്ജനാ
അഖില്‍, വിഷ്ണു വിജയന്‍. മരുമകന്‍: ഡോ. അഖില്‍.
