വേടന്‍ കുടുങ്ങി, ആ പുലിപ്പല്ല് ഒറിജിനലാണ്! റാപ്പര്‍ക്ക് എട്ടിന്റെ പണിയായി കൊല്‍ക്കത്തയിലെ ലാബ് റിപ്പോര്‍ട്ട്; മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ വനംവകുപ്പിന്റെ നീക്കം

 


കൊച്ചി: പുലിപ്പല്ല് മാല കഴുത്തിലിട്ട് സ്‌റ്റൈലായി നടന്ന റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്ക് ഒടുവില്‍ വനംവകുപ്പിന്റെ മുട്ടന്‍ പണി. വേടന്‍ ധരിച്ചിരുന്ന മാലയിലെ പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് മേല്‍ കുരുക്ക് മുറുകിയിരിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഉടന്‍ തന്നെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവുമായി വേടന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കുടുങ്ങിയിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റ് നടക്കുന്നതിനിടയിലാണ് വേടന്റെ കഴുത്തിലെ തിളങ്ങുന്ന മാല പോലീസിന്റെ കണ്ണില്‍പ്പെടുന്നത്. മാലയില്‍ കോര്‍ത്തിരുന്നത് പുലിപ്പല്ലാണെന്ന് സംശയം തോന്നിയ പോലീസ് ഉടന്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് പുലിപ്പല്ലാണെന്ന് വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയ സ്ഥിരീകരണത്തിനായി കൊല്‍ക്കത്തയിലേക്ക് അയക്കുകയായിരുന്നു.

പുലിപ്പല്ല് എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിന് വേടന്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ പരിപാടിക്ക് പോയപ്പോള്‍ മലേഷ്യന്‍ പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതാണെന്നായിരുന്നു ഒടുവില്‍ നല്‍കിയ മൊഴി. അതിന് മുന്‍പ് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതാണെന്നും താരം പറഞ്ഞിരുന്നു. പുലിപ്പല്ല് ഇന്ത്യയില്‍ കൈവശം വെക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. അത് വിദേശത്ത് നിന്ന് എത്തിച്ചതാണെങ്കില്‍ കുറ്റത്തിന്റെ ഗൗരവം ഇരട്ടിയാകും.

പുലിപ്പല്ല് കൈവശം വെച്ചതിന് വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും വേടന്‍ അനുഭവിക്കേണ്ടി വരും. വേട്ടയാടി കിട്ടിയതാണോ അതോ കൈവശം വെച്ചതാണോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ നാണക്കേടിന് പിന്നാലെ ഈ പുലിപ്പല്ല് കേസ് കൂടി വന്നതോടെ വേടന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. പരിശോധനാ റിപ്പോര്‍ട്ട് കൈപ്പറ്റിയ വനംവകുപ്പ് നടപടികള്‍ വേഗത്തിലാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേസില്‍ വേടന് പുലിപല്ല് നല്കിയ ആളുടെ മൊഴിയെടുത്തിരുന്നില്ല.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items