മലയാള
സിനിമയിലെ മുൻനിര സംവിധായകനായ ജീത്തു ജോസഫ് തന്റെ കരിയറിന്റെ തുടക്കകാലത്തെ
കയ്പേറിയ ഒരു അനുഭവം പങ്കുവെച്ചതിനൊപ്പം, പ്രേക്ഷകർ
ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'യുടെ വിശേഷങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. താൻ ആദ്യമായി എഴുതിയത്
സിനിമയ്ക്കല്ല, മറിച്ച് ദൂരദർശന് വേണ്ടിയുള്ള ഒരു 13 എപ്പിസോഡ് പരമ്പരയായിരുന്നുവെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് പോയി വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തിയിട്ടും ദൂരദർശൻ ആ
സ്ക്രിപ്റ്റ് നിരസിച്ചതോടെ കടുത്ത വിഷമത്തിൽ താൻ അത് കത്തിച്ചുകളയുകയായിരുന്നു.
എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് 'ദൃശ്യം' എന്ന എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ ജനനമായിരുന്നു. മലയാള
സിനിമയിൽ ആദ്യമായി 50 കോടി ക്ലബ്ബ് തികച്ച ദൃശ്യം പരമ്പരയുടെ
മൂന്നാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ
ട്രെയിലർ വൻ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. ആകാംക്ഷയും ത്രില്ലും നിറഞ്ഞ
ഡയലോഗുകൾ കൊണ്ട് സമ്പന്നമായ ട്രെയിലർ ജോർജുകുട്ടിയുടെ മൂന്നാം വരവ് വെറുതെയാകില്ലെന്ന
സൂചനയാണ് നൽകുന്നത്. സൂപ്പർതാരം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന്
ചരിത്രപരമായ പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുന്നേ തന്നെ വേൾഡ് പ്രീ-സെയിൽ
വഴി മാത്രം ചിത്രം 10 കോടിയിലധികം രൂപ
സ്വന്തമാക്കിക്കഴിഞ്ഞു. യു/എ (U/A 13+) സർട്ടിഫിക്കറ്റ്
ലഭിച്ച ചിത്രം നേരത്തെ ഏപ്രിൽ 2-നായിരുന്നു റിലീസ്
നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ റിലീസ് മെയ് 21-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ്
പിടിയിലാകുമോ അതോ രക്ഷപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ,
ആശാ ശരത്, സിദ്ധിഖ് തുടങ്ങിയ വൻ താരനിരയും
ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി
കഴിഞ്ഞു. ബോളിവുഡിലെ പ്രമുഖ ബാനറായ പെൻ സ്റ്റുഡിയോസ് വഴി പനോരമ സ്റ്റുഡിയോസ് ഈ
ചിത്രത്തിൽ 100 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും.
