തൃപ്രയാര്‍:
ബസിലുണ്ടായിരുന്ന യാത്രക്കാരെ പാതി വഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ച സ്വകാര്യ ബസ്
ജീവനക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബസില്‍ യാത്രചെയ്തിരുന്നവരില്‍ ജോയിന്റ്
ആര്‍.ടി.ഒയും ഉണ്ടെന്ന് അറിയാതെ പാതിവഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ചതാണ്
വിനയായത്. ബസ് ജീവനക്കാര്‍ യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തൃശൂര്‍
ബസ് സ്റ്റാന്‍ഡ് എത്താതെ ഇറങ്ങില്ലെന്ന് യാത്രക്കാരും ഉറപ്പിച്ച് പറഞ്ഞു.
യാത്രക്കാരില്‍ ജോയിന്റ് ആര്‍ടിഒയും ഉള്‍പ്പെട്ടതറിയാതെ തര്‍ക്കം മുറുകി.
തൃപ്രയാറില്‍നിന്ന് തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന എടക്കളത്തൂര്‍ ബസിലെ
ജീവനക്കാരാണ് യാത്രക്കാരി ആര്‍.ടി.ഒ. ആണെന്നറിയാതെ കുടുങ്ങിയത്.
ഒടുവില്‍ നിയമലംഘനത്തിന് ജീവനക്കാര്‍ കൈയോടെ പിടിയിലായി. തുടര്‍ന്ന്
നടത്തിയ അന്വേഷണത്തില്‍ ബസിന് 9000 രൂപ പിഴയിട്ടു. ഡ്രൈവറുടെ
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.45-നാണ് സംഭവം. തൃപ്രയാറില്‍നിന്ന് തൃശ്ശൂരിലേക്ക് പോകാന്‍ സില്‍ കയറിയതാണ്
തൃപ്രയാര്‍ ജോയിന്റ് ആര്‍.ടി.ഒ. സി.വി. മഞ്ജുള. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നതിനിടെ
ബസ് തൃശ്ശൂരിലേക്ക് പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയില്‍ ഇറങ്ങണമെന്നും പറഞ്ഞു.
ഇതോടെ യാത്രക്കാര്‍ എതിര്‍പ്പുമായെത്തി. തൃശ്ശൂരിലേക്ക് ബോര്‍ഡ് വെച്ചിട്ട്
കാഞ്ഞാണിയില്‍ ഇറങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്ന് തര്‍ക്കിച്ചതോടെ ഇരു കൂട്ടരും
തമ്മില്‍ വഴക്കായി.
ഇതിനിടെ പെര്‍മിറ്റ് തൃശ്ശൂര്‍ക്കല്ലേ എന്ന് ജോയിന്റ് ആര്‍.ടി.ഒ.യും
ചോദിച്ചെങ്കിലും ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു കണ്ടക്ടറില്‍നിന്നുണ്ടായത്.
കാഞ്ഞാണിയില്‍ ഇറക്കിവിടുമെന്നും കണ്ടക്ടര്‍ ഭീഷണി മുഴക്കിയെങ്കിലും യാത്രക്കാരും
ഉറച്ച നിലപാടെടുത്തതോടെ ജീവനക്കാര്‍ക്ക് തൃശ്ശൂര്‍ വരെ സര്‍വീസ് നടത്തേണ്ടിവന്നു.
ഇതിനിടെ മറ്റ് നിയമലംഘനങ്ങളും ജോയിന്റ് ആര്‍.ടി.ഒ. കണ്ടെത്തി.
തൃപ്രയാറില്‍നിന്ന് തൃശ്ശൂര്‍ വരെ ബസിന്റെ വാതില്‍ അടച്ചിരുന്നില്ല.
കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത ഡോര്‍ ചെക്കറാണ് കണ്ടക്ടറുടെ ജോലിചെയ്തിരുന്നത്.
ടിക്കറ്റ് എങ്ങനെ കൊടുക്കണം, ടിക്കറ്റ് യന്ത്രം എങ്ങനെ
പ്രവര്‍ത്തിപ്പിക്കണം എന്നതൊന്നും കണ്ടക്ടര്‍ക്ക് അറിയില്ലായിരുന്നു. സംഭവവുമായി
ബന്ധപ്പെട്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. നിശാന്ത്
അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിയമലംഘനങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടു. ബസ്
പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തുന്നത് പതിവാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് പിഴ
ചുമത്തിയതും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ ആരിഫിന്റെ ലൈസന്‍സ്
സസ്‌പെന്‍ഡ് ചെയ്തതും.
