കുവൈറ്റ്: കുവൈറ്റിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ
സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി.
കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ
പരിശോധനയിൽ, നിയമവിരുദ്ധ വിൽപനയിലൂടെ സമാഹരിച്ച 9,826
കുവൈത്ത് ദിനാറും (ഏകദേശം 26 ലക്ഷത്തിലധികം
ഇന്ത്യൻ രൂപ) പ്രതികളിൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. മിർഖാബ് മേഖലയിൽ
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഈ ലഹരി വിൽപന കേന്ദ്രം കണ്ടെത്തിയത്.
ഒരു പ്രത്യേക കടയ്ക്ക് മുന്നിൽ വൻതോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടി
നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം കണ്ടതോടെ കടയുടെ മുന്നിലുണ്ടായിരുന്ന
ഭൂരിഭാഗം ആളുകളും പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു. സംശയം തോന്നിയ പോലീസ് ഉടൻ തന്നെ
കട വളയുകയും, കടയുടമ, ഇയാളുടെ സഹായി,
പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനെത്തിയ മറ്റ് രണ്ട് പ്രവാസികൾ എന്നിവരെ
സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ലഹരി പദാർത്ഥങ്ങളായ
തമ്പാക്കും നിക്കോട്ടിൻ അടങ്ങിയ മറ്റ് നിരോധിത വസ്തുക്കളും വാങ്ങാനാണ് തൊഴിലാളികൾ
ഇവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന്
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി പിടിച്ചെടുത്ത
ഉൽപ്പന്നങ്ങൾ വിശദമായി പരിശോധിച്ചു. ഇവ രാജ്യത്തേക്ക് നിയമവിരുദ്ധമായി
കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണെന്ന് അധികൃതർ ഔദ്യോഗികമായി
സ്ഥിരീകരിച്ചു. പിടിയിലായ നാല് ഏഷ്യൻ പ്രവാസികൾക്കെതിരെയും കള്ളക്കടത്ത്, നിരോധിത ലഹരിവസ്തുക്കളുടെ വിപണനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കടുത്ത
നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് കുവൈത്ത് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റിലെ ഒരു കടയ്ക്ക് മുന്നിൽ മാത്രം ആളുകൾ തടിച്ചുകൂടി നിൽക്കുന്നത് ശ്രദ്ധിച്ചു; ആദ്യ നോട്ടത്തിൽ തന്നെ പൊലീസിന് സംശയം; പരിശോധനയിൽ നാലുപേർ കുടുങ്ങി
Tags:
International
