റിട്ടയര്‍മെന്റിന് മുന്‍പേ 'പെന്‍ഷന്‍' അനുവദിച്ചു ഉത്തരവിറങ്ങി; ചീഫ് സെക്രട്ടറി വിരമിക്കുക ജൂണ്‍ 30ന്; പെന്‍ഷന്‍ അനുവദിച്ച ഉത്തരവിറങ്ങിയത് ഏപ്രില്‍ 28ന്; ജയതിലകിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണനയോ? പുതിയ സര്‍ക്കാര്‍ വരും മുന്‍പേ നടത്തിയ അസാധാരണ തിടുക്കത്തില്‍ വിമര്‍ശനവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍

 


തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരില്‍ ഒരു വശത്തു നിന്ന് വിവാദ നായകനായ വ്യക്തിയാണ് ചീഫ് സെക്രട്ടറി എ ജയതിലക്. പ്രശാന്ത് നായര്‍ ഐഎഎസുമായി നേരിട്ടു യുദ്ധത്തില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിരവധി വിവാദങ്ങളും ജയതിലകനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പുതിയൊരു വിവാദം പുകയുകയാണ്. ചീഫ് സെക്രട്ടറി വി. ചീഫ് സെക്രട്ടറി ജയതിലകിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു അസാധാരണ ഉത്തരവാണ് ഐഎഎസ് വൃത്തങ്ങളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുന്നത്.

ജൂണ്‍ മാസം മാത്രം സര്‍വീസില്‍ നിന്നും പടിയിറങ്ങേണ്ട ചീഫ് സെക്രട്ടറിക്ക്, രണ്ടുമാസം മുന്‍പേ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ 'ധൃതി പിടിച്ച' നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

ജൂണ്‍ 30-നാണ് ചീഫ് സെക്രട്ടറി എ. ജയതിലക് ഔദ്യോഗികമായി വിരമിക്കുന്നത്. സാധാരണ നിലയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പോലും വിരമിക്കാന്‍ ഒരാഴ്ചയോ അല്ലെങ്കില്‍ മൂന്നോ നാലോ ദിവസം മുന്‍പോ മാത്രമാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ വരാറുള്ളത്. എന്നാല്‍ ഏപ്രില്‍ 28-ന് തന്നെ ജയതിലകിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു കഴിഞ്ഞു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ വിരമിക്കലിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ ഇത്ര നേരത്തെ പ്രഖ്യാപിക്കുന്നത് ഭരണപരമായ അസ്വാഭാവികതയാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വോട്ടെണ്ണലും പുതിയ സര്‍ക്കാര്‍ രൂപീകരണവും നടക്കാനിരിക്കുന്ന നിര്‍ണ്ണായക സമയത്താണ് ഈ നീക്കം. പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും അധികാരമേറ്റാല്‍ ചീഫ് സെക്രട്ടറിയുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാണോ ഈ ധൃതിക്ക് പിന്നിലെന്ന ചോദ്യം ഉയരുന്നുണ്ട്. പഴയ സര്‍ക്കാരിന്റെ കാലത്തുതന്നെ തന്റെ ആനുകൂല്യങ്ങള്‍ 'ഭദ്രമാക്കി' വെക്കാനുള്ള ചീഫ് സെക്രട്ടറിയുടെ തന്ത്രമാണോ ഇതെന്നും സെക്രട്ടേറിയറ്റ് ഇടനാഴികളില്‍ അടക്കം പറച്ചിലുണ്ട്.

സാധാരണ ജീവനക്കാര്‍ പെന്‍ഷന്‍ പേപ്പറുകള്‍ക്ക് പിന്നാലെ മാസങ്ങളോളം നടക്കുമ്പോഴാണ്, ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് രണ്ടു മാസം മുന്‍പേ ചുവപ്പുനാടകളില്ലാതെ ആനുകൂല്യങ്ങള്‍ അനുവദിച്ച് കിട്ടുന്നത്. ഇത് കീഴ്ഘടകങ്ങളിലുള്ള ഉദ്യോഗസ്ഥരില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. വിരമിക്കാന്‍ ബാക്കിയുള്ള രണ്ടു മാസത്തിനിടയില്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടായാല്‍ ഈ ഉത്തരവ് ബാധകമാകുമോ എന്ന സാങ്കേതിക ചോദ്യങ്ങളും നിയമവിദഗ്ദ്ധര്‍ ഉയര്‍ത്തുന്നു. വി. ജയതിലകിന് കിട്ടിയ ഈ പ്രത്യേക 'കരുതലിന്' പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറിയും ഡയറക്ടര്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍, ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി തുടങ്ങിയ പദവികള്‍ ഡോ.ജയതിലക് വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറുമായിരുന്നു.

തിരുവനന്തപുരത്ത് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്ത് രാജലക്ഷമി നഗറിലെ 'സാനിയ'യില്‍ താമസിച്ചിരുന്ന ജയതിലക് 1990ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. പിറ്റേവര്‍ഷം സിവില്‍ സര്‍വീസ് കിട്ടിയ അദ്ദേഹം കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡപ്യൂട്ടി സെക്രട്ടറി, അഡീഷനല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ 1997-2001 കാലയളവില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം കൊല്ലം കലക്ടറായിരിക്കെയാണ് ഛത്തിസ്ഗഢിലേക്കു പോയത്. കോഴിക്കോട് കലക്ടര്‍ ആയിരിക്കെ മിഠായിത്തെരുവു ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്നീടു പുനരധിവാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ നടത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മാറാട് വിധിയെത്തുടര്‍ന്നു സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അടക്കം സ്വീകരിച്ച കാലത്ത് കോഴിക്കാട് കലക്ടറായിരുന്നു. ചീഫ് സെക്രട്ടറിയായ വേളയില്‍ അദ്ദേഹത്തിന്റെ ഹാജര്‍ നിലയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി ഡോക്ടര്‍ എ.ജയതിലകിന്റെ ഹാജര്‍ നിലയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചു വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നതും വിവാദത്തിലായിരുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items