കൊച്ചി:
ആക്ഷൻ വേഷങ്ങളിൽ എപ്പോഴും തിളങ്ങാറുള്ള ആന്റണി വർഗീസിനെ നായകനാക്കി ക്യൂബ്സ്
എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച 'കാട്ടാളൻ' തിയറ്ററുകളിൽ എത്തി. സൂപ്പർഹിറ്റ് ചിത്രം 'മാർക്കോ'യുടെ നിർമ്മാതാക്കളിൽ നിന്ന് എത്തുന്ന അടുത്ത ആക്ഷൻ ചിത്രം എന്നതായിരുന്നു
സിനിമയുടെ പ്രധാന പ്രീ-റിലീസ് ഹൈപ്പ്. ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ ആദ്യ
ഷോകൾ ഇപ്പോൾ തിയറ്ററുകളിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആരംഭിച്ച അഡ്വാൻസ്
ബുക്കിങ്ങിന് ലഭിച്ച വൻ പ്രതികരണം തന്നെ പ്രേക്ഷകർക്ക് ഈ ചിത്രത്തോടുള്ള താല്പര്യം
വെളിവാക്കുന്നതായിരുന്നു.
അർധരാത്രി
വരെയുള്ള കണക്കുകൾ പ്രകാരം അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം വൻ തുകയാണ്
ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ട്രെൻഡ് ട്രാക്കറായ ജെറിൻ ജോർജുകുട്ടിയുടെ
കണക്കുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 'കാട്ടാളൻ' 4.16 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതിൽ
ഇന്ത്യയിൽ നിന്ന് 2.75 കോടിയും വിദേശത്തു നിന്ന് 1.41
കോടിയും ചിത്രം നേടി. കേരളത്തിൽ നിന്ന് മാത്രം 1.85 കോടി രൂപയാണ് അഡ്വാൻസ് ബുക്കിങ് ഇനത്തിൽ ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ
കണക്കുകൾ ഇങ്ങനെയാണ്: കർണാടക (16 ലക്ഷം), തെലുങ്ക് സംസ്ഥാനങ്ങൾ (42 ലക്ഷം), തമിഴ്നാട് (13 ലക്ഷം), മറ്റ്
സംസ്ഥാനങ്ങൾ (19 ലക്ഷം).
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഇന്ന് തന്നെ തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഈ ഭാഷാ പതിപ്പുകളുടെയും അഡ്വാൻസ് ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.മലയാളം ഒറിജിനൽ പതിപ്പ് 2.15 കോടി നേടിയപ്പോൾ തമിഴ് (5 ലക്ഷം), തെലുങ്ക് (38 ലക്ഷം), ഹിന്ദി (17 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് ഭാഷകളിലെ ബുക്കിങ് കണക്കുകൾ. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് സൂചനകൾ. 'മാർക്കോ'യ്ക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഈ ചിത്രത്തിന് വേണ്ടിയും സഹകരിക്കുന്നുണ്ട്.
കന്നഡയിലെ
ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട് എന്ന
പ്രത്യേകതയുമുണ്ട്. പ്രമുഖ കമ്പനിയായ ടി-സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്
സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ
പാർട്നർ. 'കെ.ജി.എഫ്', 'കാന്താര'
തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ
ഫിലിംസാണ് ചിത്രത്തിന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക്
സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ്
ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ
ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പബ്ലിക്
റെസ്പോൺസുകൾ അറിയാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.
