ചെന്നൈ: ഐപിഎൽ സീസൺ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ പരിക്കേറ്റ്
നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ജാമി ഓവർട്ടണ് പകരക്കാരനായി
ദക്ഷിണാഫ്രിക്കൻ താരം ഡിയാൻ ഫോറസ്റ്ററെ കൂടാരത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്.
വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായിരുന്ന ഓവർട്ടണിന്റെ പരിക്ക് അഞ്ചുതവണത്തെ
ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് വലിയ ആശങ്കയാണ് ഉയർത്തുന്നത്. 75 ലക്ഷം രൂപയ്ക്കാണ് 25-കാരനെ മഞ്ഞപ്പട
ടീമിലെത്തിച്ചത്.
കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഫോറസ്റ്ററുടെ
അന്താരാഷ്ട്ര അരങ്ങേറ്റം. അഞ്ച് രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 83 റൺസ് താരം നേടിയിട്ടുണ്ട്. ഒടുവിലായി പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ)
റാവൽപിണ്ടിക്കായി നടത്തിയ പ്രകടനമാണ് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. ടി20
ക്രിക്കറ്റിൽ 140-ന് മുകളിൽ സ്ട്രൈക്ക്
റേറ്റുള്ള താരം ബാറ്റിങ്ങിലും ബൗളിങ്ങിലും ചെന്നൈയ്ക്ക് കരുത്താകുമെന്നാണ്
പ്രതീക്ഷ.
പരിക്കിനെത്തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ ഓവർട്ടൺ
ചികിത്സയ്ക്കായി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. മെയ് 11-ന്
ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റുമായി മാൻ ഓഫ് ദ മാച്ച് പുരസ്കാരം
നേടിയ ശേഷമാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഇത്തവണ 10
മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളും 136 റൺസും താരം ചെന്നൈയ്ക്കായി നേടിയിരുന്നു. പരിക്കിന്റെ പിടിയിലാകുന്ന
സിഎസ്‌കെ താരങ്ങളുടെ പട്ടിക ഇതോടെ നീളുകയാണ്. നേരത്തെ രാമകൃഷ്ണ ഘോഷിന് പകരം
കർണാടകയുടെ മക്‌നീൽ നൊറോണയെ ടീമിലെടുത്തിരുന്നു. മുൻ ക്യാപ്റ്റൻ എം.എസ്. ധോണി
ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്തതും ടോപ്പ് ഓർഡർ ബാറ്റർ ആയുഷ് മാത്രെ, പേസർ ഖലീൽ അഹമ്മദ് എന്നിവർ പാതിവഴിയിൽ പുറത്തായതും ടീമിനെ വല്ലാതെ
തളർത്തിയിട്ടുണ്ട്. പരിക്കുകളുടെ ആഘാതത്തിനിടയിലും പ്ലേ ഓഫ് പ്രതീക്ഷകൾ
സജീവമാക്കാനാണ് ചെന്നൈയുടെ ശ്രമം. മെയ് 15 വെള്ളിയാഴ്ച
ലക്നൗവിൽ വെച്ച് ലക്നൗ സൂപ്പർ ജയന്റ്സുമായിട്ടാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. ജയം
അനിവാര്യമായ ഈ പോരാട്ടത്തിൽ പുതിയ താരം ഫോറസ്റ്ററുടെ സാന്നിധ്യം ചെന്നൈയ്ക്ക്
എത്രത്തോളം തുണയാകുമെന്ന് കണ്ടറിയണം.
പരിക്കേറ്റ് പുറത്തായ ഓവർട്ടണ് പകരം ദക്ഷിണാഫ്രിക്കൻ കരുത്ത്; 25-കാരൻ ഡിയാൻ ഫോറസ്റ്ററെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്; യുവതാരവുമായി കരാറിലെത്തിയത് 75 ലക്ഷത്തിന്
Tags:
Sports
