ടീം യുഡിഎഫിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു വി ഡി സതീശന്‍; കോണ്‍ഗ്രസില്‍ നിന്നും 11 മന്ത്രിമാര്‍; മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരില്‍ രണ്ട് വനിതകള്‍; സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍; സാമൂഹിക-പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചുള്ള പട്ടിക; അര്‍ഹരായ പലരെയും പരിഗണിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി

 


തിരുവനന്തപുരം: ടീം യുഡിഎഫിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വി.ഡി. സതീശന്‍ മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്നും 11 മന്ത്രിമാരും, മുസ്ലിംലീഗില്‍ നിന്നും അഞ്ച് പേരുമാണ് മന്ത്രിമാരാകുക. മന്ത്രിമാരില്‍ രണ്ട് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ അഞ്ച് മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമാണിത്. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സിഎംപിയിലെ സി.പി. ജോണ്‍ മന്ത്രിയാകും.

ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിലെ അപു ജോസഫിന് നല്‍കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും കൃത്യമായി കണക്കിലെടുത്താണ് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കായി അധ്വാനിച്ച, മന്ത്രിസ്ഥാനത്തിന് പൂര്‍ണ്ണമായും അര്‍ഹരായ ഒരുപാട് പേരെ പലവിധ പരിമിതികള്‍ കാരണം ഇത്തവണ പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ തനിക്ക് വലിയ ദുഃഖമുണ്ട്. എഐസിസി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ അനുവാദത്തോടെയാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്. 'മുഖ്യമന്ത്രിയെക്കാള്‍ വലിയ ശ്രീനാരായണീയന്‍ ആരാണുള്ളത്' എന്ന ചോദ്യത്തോടെയാണ് സമുദായ സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മുന്നണിയില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. പതിവുപോലെ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വകുപ്പുകള്‍ അടങ്ങിയ കൃത്യമായ ലിസ്റ്റ് ഗവര്‍ണ്ണര്‍ക്ക് കൈമാറും. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവരുമ്പോള്‍ 'അടുത്ത വിസ്മയം' പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items