അമ്പൂരി:
വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക്
ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് - നിസ
ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം
നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ പെട്ടെന്ന് മുന്നോട്ട് നീങ്ങി കുട്ടിയുടെ
ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഞായറാഴ്ച മൂന്ന് കുടുംബങ്ങൾ ഒന്നിച്ച്
പ്രദേശത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. കുറിച്ചിക്കാട് പാലത്തിന് സമീപം
വാഹനം നിർത്തിയ ശേഷം എല്ലാവരും പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇതിനിടയിൽ
വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസാവുകയും വാഹനം പെട്ടെന്ന് മുന്നോട്ട്
ഉരുളുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണംവിട്ട് മുന്നോട്ട് നീങ്ങിയ
വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. അപകടത്തിൽ
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.