ന്യൂഡല്‍ഹി: അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള
സയ്യിദ് അലി ഖൊമേനിയുടെ വിലാപയാത്രയിലും ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിലും
പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം. ഇരുരാജ്യങ്ങളും
തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ആഴമേറിയ ബന്ധത്തിന്റെ ശക്തമായ
പ്രതിഫലനമാണ് ഇന്ത്യയുടെ പങ്കാളിത്തമെന്ന് ഡല്‍ഹിയിലെ ഇറാന്‍ എംബസി എക്‌സില്‍
കുറിച്ചു. ദുരന്തമുഖത്ത് ഇന്ത്യ കാട്ടിയ സൗഹൃദവും സഹതാപവും ഇറാന്‍ ജനത ഒരിക്കലും
മറക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ടെഹ്‌റാനില്‍ വെച്ച് അമേരിക്ക-ഇസ്രായേല്‍
സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖൊമേനിയും കുടുംബവും വധിക്കപ്പെട്ടത്. തുടര്‍ന്ന് മേഖലയില്‍
ആരംഭിച്ച യുദ്ധത്തിന് പിന്നാലെയായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍. ബിഹാര്‍ ഗവര്‍ണര്‍
ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈന്‍,
വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരീത എന്നിവരടങ്ങുന്ന ഉന്നതതല ഇന്ത്യന്‍
പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഇറാന്‍ നേതാവിന് രാജ്യത്തിന്റെ പേരില്‍
ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ജമ്മു കണ്‍മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവര്‍ക്ക് പുറമെ
ഇന്ത്യയിലെ വിവിധ ഹൈന്ദവ, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് മതനേതാക്കളും സ്‌കോളര്‍മാരും അനുശോചന ചടങ്ങുകളില്‍ പങ്കെടുത്തു.
ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും വിവിധ
മതസമൂഹങ്ങളുടെയും സാന്നിധ്യം ഈ ദേശീയ ദുഃഖാചരണ വേളയില്‍ ഇറാന് നല്‍കിയ ഐക്യദാര്‍ഢ്യം
വലുതാണെന്നും, ഇരുരാജ്യങ്ങളും
തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ ഇത് അടിത്തറയാകുമെന്നും ഇറാന്‍ എംബസി
വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ടെഹ്‌റാനില്‍ ആരംഭിച്ച അലി ഖൊമേനിയുടെ
വിലാപയാത്രയില്‍ ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയമാണ് സാക്ഷ്യം
വഹിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കറുത്ത വസ്ത്രമണിഞ്ഞ ലക്ഷക്കണക്കിന് ആളുകളാണ് പരമോന്നത നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍
തെരുവുകളില്‍ തടിച്ചുകൂടിയത്.
ഇറാന്‍ പതാക പുതപ്പിച്ച ഖൊമേനിയുടെയും കുടുംബാംഗങ്ങളുടെയും
ഭൗതികശരീരങ്ങള്‍ അടങ്ങിയ പെട്ടികള്‍ ഒരു പ്രത്യേക ട്രക്കിലാണ് പൊതുദര്‍ശനത്തിനായി
നീക്കിയത്. ഒരു ഇമാമിന്റെ മഖ്ബറയുടെ മാതൃകയില്‍ അലങ്കരിച്ച ട്രക്കിന് മുകളിലേക്ക്
ജനങ്ങള്‍ അനുഗ്രഹത്തിനായി തങ്ങളുടെ തട്ടങ്ങളും വസ്ത്രങ്ങളും എറിഞ്ഞുനല്‍കുന്നുണ്ടായിരുന്നു.
കടുത്ത വേനല്‍ച്ചൂടില്‍ ജനക്കൂട്ടത്തെ തണുപ്പിക്കാന്‍ അധികൃതര്‍ വഴിനീളെ ജലം
തളിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് റവല്യൂഷണറി
ഗാര്‍ഡ് ജനറല്‍ ഹസന്‍ ഹസന്‍സാദെയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്.
ഏകദേശം 12 മണിക്കൂറോളം നീളുന്ന യാത്രയ്‌ക്കൊടുവില്‍ ഭൗതികശരീരങ്ങള്‍ ടെഹ്‌റാനിലെ
മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. ശനിയാഴ്ച മുതല്‍
ആരംഭിച്ച ഔദ്യോഗിക ദുഃഖാചരണം വ്യാഴാഴ്ചയോടെയാണ് അവസാനിക്കുക. ഖൊമേനിയുടെ
ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസ തീര്‍ത്ഥാടന കേന്ദ്രത്തിലാണ് സംസ്‌കാര ചടങ്ങുകള്‍
നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും
വ്യോമപാത അടക്കമുള്ളവയ്ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
