പാര്‍ട്ടിയിലെ നിലവിലെ പോക്കാണ് തുടരുന്നതെങ്കില്‍ ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും ഒരു സീറ്റുപോലും സി.പി.എമ്മിന് ലഭിക്കില്ലെന്ന് ജി സുധാകരന്‍; ഇനി പ്രകോപനം വേണ്ടന്ന് സിപിഎം കേന്ദ്ര നേതൃത്വം

 


ആലപ്പുഴ: എം.എല്‍.എ. ആയിരുന്നപ്പോള്‍ താന്‍ നാട്ടില്‍ നടത്തിയ സമാനതകളില്ലാത്ത വികസനം കൊണ്ടുമാത്രമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് ആലപ്പുഴയില്‍ ജയിക്കാനായതെന്നും, തന്റെ വികസനത്തിന് ജനങ്ങള്‍ നല്‍കിയ വോട്ടാണ് അന്ന് പാര്‍ട്ടിക്ക് ലഭിച്ചതെന്നും മുതിര്‍ന്ന നേതാവും എം.എല്‍.എ.യുമായ ജി. സുധാകരന്‍. തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ജില്ലാ നേതൃത്വത്തെ ജനങ്ങള്‍ ഇതിനകം തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു. ഇനി തനിക്കെതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസറിനായിരിക്കും. ഈ നിയമങ്ങളൊക്കെ ജില്ലാ സെക്രട്ടറിക്ക് അറിയാമോ എന്നും സുധാകരന്‍ തുറന്നടിച്ചു.

പാര്‍ട്ടിയിലെ നിലവിലെ പോക്കാണ് തുടരുന്നതെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഒരു സീറ്റുപോലും സി.പി.എമ്മിന് ലഭിക്കില്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.സി.പി.എമ്മില്‍നിന്ന് പുറത്തുപോയശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സുധാകരന്‍ വിജയിച്ചത്. അന്ന് പാര്‍ട്ടിക്ക് ഏറ്റ കനത്ത പ്രഹരത്തിന് ശേഷം സുധാകരനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായാണ് സി.പി.എം. ജില്ലാ നേതൃത്വം കാണുന്നത്. ഈ ശത്രുതയാണ് ഇപ്പോള്‍ തെരുവിലേക്ക് നീളുന്ന പോരിലേക്ക് ആലപ്പുഴയിലെ രാഷ്ട്രീയത്തെ എത്തിച്ചിരിക്കുന്നത്.

സി.പി.എമ്മിനെ നിരന്തരം വിമര്‍ശിക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ സുധാകരനെ കൈകാര്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനോട് കടുത്ത ഭാഷയിലാണ് സുധാകരന്‍ പ്രതികരിച്ചത്. തന്നെ വധിക്കാനും കൈകാര്യം ചെയ്യാനും ആഹ്വാനം ചെയ്ത നാസറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ സി.പി.എം. പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു കഴിഞ്ഞുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികമായ ശേഷിയോ രാഷ്ട്രീയ ക്ഷമതയോ നിലവിലെ ജില്ലാ സെക്രട്ടറിക്കോ കൂടെയുള്ള സംഘത്തിനോ ഇല്ല. ആലപ്പുഴയില്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്ന പതനത്തിന്റെ വ്യാപ്തി വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജി. സുധാകരനെപ്പോലുള്ള ജനസ്വാധീനമുള്ള നേതാക്കളെയും ജനപ്രതിനിധികളെയും വ്യക്തിപരമായി കടന്നാക്രമിക്കുന്ന ജില്ലാ നേതൃത്വത്തിന്റെ ശൈലിയോട് സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് കടുത്ത വിയോജിപ്പാണുള്ളത്. ജനകീയ അടിത്തറയുള്ള നേതാക്കളോട് നിരന്തരം ഏറ്റുമുട്ടുന്നത് പാര്‍ട്ടിക്ക് വീണ്ടും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. സുധാകരനെതിരെയുള്ള പരസ്യ കടന്നാക്രമണങ്ങളും ഭീഷണികളും ഉടനടി അവസാനിപ്പിക്കണമെന്ന് കേന്ദ്ര കമ്മിറ്റി സി.പി.എം. സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. സുധാകരനെ ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമിക്കുന്നത് ജില്ലയിലെ സാധാരണക്കാരായ വോട്ടര്‍മാരെക്കൂടി പാര്‍ട്ടിയില്‍നിന്ന് അകറ്റാനേ ഉപകരിക്കൂ എന്നാണ് കേന്ദ്ര നേതാക്കളുടെ നിരീക്ഷണം.

കേന്ദ്ര കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍, ജി. സുധാകരനെതിരെ ഇനി പരസ്യ അധിക്ഷേപങ്ങള്‍ക്കോ ഭീഷണികള്‍ക്കോ മുതിരരുതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിനും ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം അടിയന്തര നിര്‍ദ്ദേശം നല്‍കും. സുധാകരനുമായുള്ള പരസ്യ പോര് അവസാനിപ്പിച്ച് സംഘടനാപരമായ പോരായ്മകള്‍ തിരുത്താനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുക. എന്നാല്‍, സി.പി.എം. അണികള്‍ക്കിടയിലും താഴെത്തട്ടിലും സുധാകരന്‍ ഉയര്‍ത്തുന്ന വികസന വാദങ്ങളും രാഷ്ട്രീയ ചോദ്യങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരുകാലത്ത് പാര്‍ട്ടിയുടെ കോട്ടയായിരുന്ന ആലപ്പുഴയില്‍ സുധാകരന്‍ പുറത്തുപോയതും, യു.ഡി.എഫ്. പിന്തുണയോടെ ജയിച്ചുകയറിയതും പാര്‍ട്ടിയുടെ അടിത്തറളിക്കിയെന്ന തിരിച്ചറിവ് വലിയൊരു വിഭാഗം അണികള്‍ക്കുമുണ്ട്.

മറുവശത്ത്, സുധാകരന്റെ വികസന അവകാശവാദങ്ങളെ പ്രതിരോധിക്കാനാകാതെയും, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ വിലക്കുമൂലം തിരിച്ചടിക്കാനാകാതെയും സി.പി.എം. ആലപ്പുഴ ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന സുധാകരന്റെ മുന്നറിയിപ്പ് ആലപ്പുഴയിലെ ഇടതുകേന്ദ്രങ്ങളില്‍ വലിയ കനലുകളാണ് കോരിയിട്ടിരിക്കുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items