തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍
വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടിയ 'ബ്രേക്ക് ദി ചെയിന്‍' പ്രതിരോധ പദ്ധതിയില്‍
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ കണ്ടെത്തല്‍. പദ്ധതി നടപ്പാക്കുന്ന സമയത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ
എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക്
ശുപാര്‍ശ ചെയ്യുന്നതാണ് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട്.
4.89 കോടി രൂപ ചെലവഴിച്ച പദ്ധതിയില്‍ ടെണ്ടര്‍ നടപടികള്‍ പാലിച്ചില്ലെന്നും
കൃത്യമായ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ട്
കുറ്റപ്പെടുത്തുന്നു. നേരത്തെ പിപിഇ കിറ്റ് വാങ്ങിയതിലടക്കം കോവിഡ് കാലത്തെ മറ്റ്
ഇടപാടുകളിലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍, പുതിയ കണ്ടെത്തലുകള്‍ ഇടത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ
വീണ്ടും വിവാദച്ചുഴിയിലാക്കുകയാണ്. സാമൂഹ്യ സുരക്ഷാ മിഷനെ ഔദ്യോഗികമായി
ചുമതലപ്പെടുത്താതെയാണ് 'ബ്രേക്ക് ദി ചെയിന്‍' പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ധനകാര്യ വിഭാഗത്തിന്റെ പ്രധാന കണ്ടെത്തല്‍.
ചട്ടവിരുദ്ധമായി കിയോസ്‌കുകള്‍ വാങ്ങിയതിലും, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിലും കടുത്ത ലംഘനങ്ങളുണ്ടായി.
സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതിരുന്നിട്ടും ലൈസന്‍സില്ലാതെ
ജയില്‍ വകുപ്പിന് ഇതിനായി അനുമതി നല്‍കുകയും 33 ലക്ഷം രൂപ
മുന്‍കൂറായി നല്‍കുകയും ചെയ്തു. കൂടാതെ, നടപടിക്രമങ്ങള്‍
പാലിക്കാതെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് 44.63 ലക്ഷം രൂപ
അഡ്വാന്‍സായി നല്‍കിയതായും 19.64 ലക്ഷം രൂപ ചെലവിട്ട് വീഡിയോ
കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചതില്‍ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പദ്ധതിക്കായി ചെലവഴിച്ച തുകകളില്‍ ഒട്ടും വ്യക്തതയില്ലെന്നും
ഭൂരിഭാഗവും ജിഎസ്ടി രേഖപ്പെടുത്താത്ത കൈകൊണ്ട് എഴുതിയ വൗച്ചറുകളാണെന്നും
പരിശോധനയില്‍ വ്യക്തമായി. ഡോ. അഷീല്‍ വ്യക്തിപരമായി പണം സമ്പാദിച്ചുവെന്നല്ല, മറിച്ച് ഗുരുതരമായ ചട്ടലംഘനങ്ങള്‍
നടത്തിയെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. എന്നാല്‍,
ധനകാര്യ വിഭാഗത്തിന്റെ ഈ കണ്ടെത്തലുകളെ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് ഡോ. മുഹമ്മദ്
അഷീല്‍ രംഗത്തെത്തി. കോവിഡ് അടിയന്തിരഘട്ടത്തിലെ പ്രത്യേക സാമ്പത്തിക അധികാരം
ഉപയോഗിച്ചാണ് തുക ചെലവഴിച്ചതെന്നും ഇത്തരം മഹാമാരിയുടെ കാലത്ത് സാധാരണ ടെണ്ടര്‍
നടപടികള്‍ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സാധനങ്ങള്‍ വാങ്ങിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിയുടെ അനുമതി
ഫയല്‍ വഴി വാങ്ങിയാല്‍ മതിയെന്നിരിക്കെ,
ഇത് പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടാണ് ധനകാര്യ വകുപ്പ് ക്രമക്കേട്
ആരോപിക്കുന്നത്. ഒരു ഭരണസമിതി നിയമപരമായി എടുത്ത തീരുമാനങ്ങളെ കൃത്യമായ
കാരണങ്ങളില്ലാതെ പരിശോധനാ സംഘം തള്ളിക്കളയുകയാണെന്നും യഥാര്‍ത്ഥ രേഖകള്‍
പരിശോധിക്കാതെ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി റദ്ദാക്കണമെന്നും
ആവശ്യപ്പെട്ട് അദ്ദേഹം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും അന്തിമ തീരുമാനം വരും വരെ വകുപ്പുതല
നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വിഷയത്തില്‍ ഡോ. മുഹമ്മദ് അഷീലിന് പിന്തുണയുമായി മുന്‍ ആരോഗ്യ
വകുപ്പ് മന്ത്രി കെ.കെ. ശൈലജയും രംഗത്തെത്തിയിട്ടുണ്ട്. അഷീല്‍ എന്ന വ്യക്തിയല്ല, ഒരു ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ
പദ്ധതി നടപ്പാക്കിയതെന്നും കോവിഡ് കാലത്തെ കടുത്ത പ്രയാസങ്ങള്‍ എല്ലാവരും
പെട്ടെന്ന് മറന്നുപോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് കാലത്തെ
അടിയന്തര സാഹചര്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടെന്നും അത്
സര്‍ക്കാര്‍ മുന്‍പ് സമ്മതിച്ചതാണെന്നും വ്യക്തമാക്കിയ അവര്‍, സര്‍ക്കാരിന്റെ ശരിയായ സമീപനത്തെ മാത്രം അടര്‍ത്തിയെടുത്ത് ചോദ്യം
ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി.
ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ ആശങ്കയില്ലെന്നും 'ബ്രേക്ക് ദി ചെയിന്‍' കൃത്യമായി നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതിയാണെന്നും കെ.കെ. ശൈലജ
കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്തെ അടിയന്തര സാഹചര്യങ്ങളും ധനകാര്യ ചട്ടങ്ങളും
തമ്മിലുള്ള നിയമപരമായ തര്‍ക്കമായി ഈ വിഷയം വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ
ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
