തിരുവനന്തപുരം:
പട്ടത്തെ സ്വകാര്യ സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഓടി
രക്ഷപ്പെടാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിക്ക് ഗേറ്റിലെ ഇരുമ്പുകമ്പി
തുളച്ചുകയറി ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ
സംഭവം. പട്ടം എൽഐസി ലൈനിലെ ഒരു വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ
ചികിത്സയിലാണ്.
സ്‌കൂളിലെ
കുട്ടികൾ തമ്മിലുണ്ടായ വഴക്ക് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതോടെ
സ്ഥലത്തുനിന്ന് ഓടിമാറിയ പത്താം ക്ലാസ് വിദ്യാർഥി സമീപത്തെ വീടിന്റെ സൺഷേഡിലൂടെ
ഓടിയെത്തി. ഇവിടെനിന്ന് താഴേക്ക് ചാടി മതിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്
ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി കുട്ടിയുടെ ശരീരത്തിലേക്ക് തുളച്ചുകയറി
കുടുങ്ങിയത്. ഗേറ്റിലുണ്ടായിരുന്ന ഏകദേശം 35 മില്ലീമീറ്റർ നീളവും 3 മില്ലീമീറ്റർ വ്യാസവുമുള്ള
ഇരുമ്പ് കമ്പിയാണ് വിദ്യാർത്ഥിയുടെ പിൻഭാഗത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കയറിയത്.
കമ്പിയിൽ
കോർത്തുപോയതോടെ കുട്ടിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതുകണ്ട് ഓടിക്കൂടിയ
സമീപവാസികളാണ് ഉടൻതന്നെ തിരുവനന്തപുരം ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ്
തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ
ഷെഹീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം ഉടനടി സ്ഥലത്തെത്തി. ഏകദേശം 25 സെന്റിമീറ്ററോളം നീളത്തിലാണ്
കമ്പി കുട്ടിയുടെ ശരീരത്തിലേക്ക് തുളച്ചുകയറിയിരുന്നത്.
അരമണിക്കൂറോളം
നീണ്ട അതീവ സങ്കീർണ്ണമായ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ കമ്പിയിൽ നിന്ന്
മോചിപ്പിക്കാനായത്. അത്യാധുനിക കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച്, വിദ്യാർഥിയുടെ ശരീരത്തിൽ
തറഞ്ഞുനിന്ന ഇരുമ്പുകമ്പികൾ അതീവ ശ്രദ്ധയോടെ ഫയർഫോഴ്‌സ് സംഘം
മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ തന്നെ കുട്ടിയെ ഉടൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി.
കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ
നിരീക്ഷണത്തിലാണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
