അന്യഗ്രഹജീവിയായി അൽത്താഫ്; ഒപ്പം ധീരജും അജു വർഗീസും; 'തൂക്കി ചുവന്ന കരങ്ങളോടെ' എന്ന ഗാനത്തിന് ശേഷം അർക്കാഡോ; 'പ്ലൂട്ടോ' ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്



കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രമായ 'പ്ലൂട്ടോ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'യുഎഫ്ഒ മോഡ്' (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. തിയറ്ററുകളിൽ വൻ വിജയമായി മാറിയ 'വാഴ 2'വിലെ "തൂക്കി ചുവന്ന കരങ്ങളോടെ..." എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസർ അർക്കാഡോ സംഗീത സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ ഗാനം കൂടിയാണിത്.

യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് 'യുഎഫ്ഒ മോഡ്' ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ജനപ്രിയ ഗാനരചയിതാവ് ശബരീഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്. അർക്കാഡോ തന്നെയാണ് ഗാനത്തിന്റെ പ്രൊഡക്ഷനും നിർവ്വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന 'പ്ലൂട്ടോ' സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.

ചിത്രത്തിൽ നടൻ അൽത്താഫ് സലീം അന്യഗ്രഹ ജീവിയായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. നീരജ് മാധവ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അജു വർഗീസ്, അർഷ ബൈജു എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ അജു വർഗീസിന്റെ വേറിട്ട മേക്കോവർ ഇതിനകം തന്നെ പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിയാസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയറ്ററുകളിൽ എത്തിക്കും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items