സി.ഐ ഭരണം ഔട്ട്! എസ്.ഐ ഭരണം തിരികെയെത്തും; കുബേരന്മാരെ പൂട്ടിയ ആഭ്യന്തര മന്ത്രിയായി ചെന്നിത്തല തിരിച്ചെത്തുന്നു; എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ പാളിച്ചകള്‍ പരിഹരിച്ച് സേനയെ അഴിച്ചുപണിയും; സത്യപ്രതിജ്ഞയ്ക്ക് ശേഷം കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും; സതീശന്‍ സര്‍ക്കാരിലെ 'പവര്‍ ഹൗസ്' ആയി ചെന്നിത്തല!

 



ആലപ്പുഴ: കേരളം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തര മന്ത്രിമാരിലൊരാളായ രമേശ് ചെന്നിത്തല വീണ്ടും ആ കസേരയിലേക്ക് തിരിച്ചെത്തുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊള്ളപ്പലിശക്കാരെയും ലഹരി മാഫിയയെയും മുട്ടുകുത്തിച്ച ചെന്നിത്തല സ്റ്റൈല്‍ ആരും മറന്നിട്ടില്ല. പിണറായി ഭരണത്തില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ക്കും സൈബര്‍ തട്ടിപ്പുകാര്‍ക്കും ഇനി നല്ലകാലം അവസാനിച്ചു എന്ന സൂചനയാണ് സതീശന്‍ മന്ത്രിസഭയിലെ ഈ നിര്‍ണ്ണായക വകുപ്പ് വിഭജനം നല്‍കുന്നത്. കൃത്യമായ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോകാനാണ് പുതിയ പോലീസ് മന്ത്രിയുടെ തീരുമാനം.

 

2014 മുതല്‍ 16 വരെയുള്ള കാലയളവില്‍ ചെന്നിത്തല ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ കുബേര' കൊള്ളപ്പലിശ സംഘങ്ങളുടെ നടുവൊടിച്ചിരുന്നു. ആ ഒരു വീര്യം ഇത്തവണയും ആഭ്യന്തര വകുപ്പില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ലഹരി വിപത്തിനെതിരെ അദ്ദേഹം കൊണ്ടുവന്ന 'ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ്' പദ്ധതിയുടെ കൂടുതല്‍ കരുത്തുറ്റ പതിപ്പ് ഉടന്‍ പ്രഖ്യാപിക്കപ്പെട്ടേക്കും. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ച് വിദ്യാലയങ്ങളില്‍ നിന്ന് ലഹരി തുടച്ചുനീക്കാന്‍ ചെന്നിത്തല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു എന്നാണ് വിവരം.

 

സേനയെ അടിമുടി അഴിച്ചുപണിയാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പല സംവിധാനങ്ങളും പൊളിച്ചടുക്കിയേക്കും. എസ്.എച്ച്.ഒ പദവിയില്‍ ഇന്‍സ്പെക്ടര്‍മാരെ ഇരുത്തുന്ന രീതി മാറ്റി പഴയതുപോലെ സ്റ്റേഷന്‍ ഭരണം എസ്.ഐമാര്‍ക്ക് നല്‍കാനാണ് ആലോചന. തിരക്ക് കുറഞ്ഞ സ്റ്റേഷനുകളില്‍ നിന്ന് സി.ഐമാരെ മാറ്റി അവരെ ലഹരി വിരുദ്ധ സ്‌ക്വാഡുകളിലും സൈബര്‍ സെല്ലുകളിലും വിന്യസിക്കും. ഇതോടെ പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോക്‌സോ കേസുകളുടെ അന്വേഷണത്തിന് പ്രത്യേക പരിഗണന നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സേനയിലേക്ക് എത്തിക്കും. വനിതാ പോലീസുകാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് സ്ത്രീ സുരക്ഷാ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനും പദ്ധതിയുണ്ട്.

 

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തന്റെ കര്‍മ്മപദ്ധതി ചെന്നിത്തല വിശദീകരിക്കും. 2011ലെ യു.ഡി.എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയുമായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്. അതിന് മുന്‍പുള്ള വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും കൈവശംവെക്കുകയായിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് പേരാകുന്നതോടെ പൊലീസ് വകുപ്പിന്റെ അധികാരം ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, വകുപ്പിലെ മാറ്റങ്ങള്‍ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ആഭ്യന്തരമന്ത്രി തന്നെയാവും. വിജിലന്‍സും ആഭ്യന്തരമന്ത്രിയുടെ കീഴിലായതിനാല്‍ അഴിമതി വിരുദ്ധ നടപടികളുടെ മേല്‍നോട്ടവും ആഭ്യന്തരമന്ത്രിക്ക് തന്നെ.

 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോളും നിലവിലുള്ള ഡി.ജി.പി റവാഡാ ചന്ദ്രശേഖറിന് തുടരാനാവും. അദേഹത്തിന് 2027 ജൂണ്‍ വരെ കാലാവധിയുള്ളതിനാലാണ്. അതുകൊണ്ട് 2027 ജൂലൈ ഒന്ന് മുതലാവും യു.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആദ്യ ഡി.ജി.പി സംസ്ഥാനത്തുണ്ടാവുക. ഈ ഡി.ജി.പിയുടെ നിയമനത്തിലും അന്തിമ അധികാരം മുഖ്യമന്ത്രിക്കാണ്. ആഭ്യന്തരമന്ത്രി ഉള്ളപ്പോള്‍ ഇരുവരും കൂടി ആലോചിച്ച് കൂട്ടായ തീരുമാനത്തില്‍ എത്തേണ്ടിവരും.

 

സര്‍ക്കാരിന്റെ ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളിലൊന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്. എല്ലാദിവസവും ഇന്റലിജന്‍സ് മേധാവി സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ നേരിട്ടെത്തി കുറിപ്പ് നല്‍കുകയും പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ടോ അത് വിശദീകരിച്ച് പറയുകയുമാണ് രീതി. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇല്ലങ്കില്‍ ഫോണില്‍ വിളിച്ചും വിശദീകരിക്കും. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി കൂടി വരുന്നതോടെ ഈ വിവരം ആര്‍ക്ക് കൈമാറുമെന്നത് അതീവ നിര്‍ണായകമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നാല്‍ പൊലീസിലെ കാര്യങ്ങള്‍ മാത്രമല്ല. സംസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടായി സര്‍ക്കാരിനെ അറിയിക്കാറുണ്ട്. അതില്‍ പൊലീസിന് പുറമെ വിവിധ വകുപ്പുകളില്‍ നടക്കുന്ന പ്രശ്‌നങ്ങളുണ്ടാവും, മുന്നറിയിപ്പുകളുണ്ടാവും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാവും ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയേക്കുറിച്ചുള്ള സൂചനകളുണ്ടാവും. ഇതില്‍ പൊലീസുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് ആഭ്യന്തരമന്ത്രി അറിയേണ്ടത്. ബാക്കി കാര്യങ്ങള്‍പ്രത്യേകിച്ച് മറ്റ് വകുപ്പുകളേക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറേണ്ടത് മുഖ്യമന്ത്രിക്കാണ്. അതിനാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് പേരാകുന്നതോടെ ഇന്റലിജന്‍സ് മേധാവിയുടെ പണികൂടി. ഇനി ഒരു ദിവസം രണ്ട് പേരോടും വിശദീകരിക്കേണ്ടിയും കുറിപ്പ് നല്‍കേണ്ടിയും വരും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items