മുഖ്യമന്ത്രി പദവിയിലെ തര്‍ക്കം 'പ്രസവ വേദന' പോലെ; നിയുക്ത മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; ടി സിദ്ദിഖ്

 


തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോണ്‍ഗ്രസിനകത്ത് ഉണ്ടായ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. നിയുക്ത മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും സിദ്ധിഖ് പറഞ്ഞു.

മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടതില്‍ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയെക്കുറിച്ചും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയതിനെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളെ സിദ്ദിഖ് പ്രസവവേദനയുമായി ഉപമിച്ചത്. 'ഒരു പ്രസവത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമായിരിക്കാം. എന്നാല്‍ ഒരു അമ്മയ്ക്ക് കഠിനമായ മാനസികവും ശാരീരികവുമായ വേദനകളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകളും ആസൂത്രണങ്ങളും നടക്കുന്നുണ്ട്. നല്ലൊരു കുഞ്ഞിന്റെ ജനനം ഉറപ്പാക്കാനുള്ള ശ്രമമാണിത്,' ടി. സിദ്ദിഖ് വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പുതിയ മന്ത്രിസഭയില്‍ അംഗമാകുമോ എന്ന ചോദ്യത്തിന്, മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് കല്‍പ്പറ്റ എംഎല്‍എ മറുപടി നല്‍കി. തിങ്കളാഴ്ചയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തലസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും മുന്നണിയിലും പുരോഗമിക്കുകയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items