മലയാള സിനിമയിലെ പ്രമുഖ താരം പാർവതി തിരുവോത്ത് ആദ്യമായി
സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ
അഭിമുഖത്തിലാണ് താരം തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ
പങ്കുവെച്ചത്.
കോവിഡ് കാലത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ തന്നിലേക്ക്
എത്തുന്നതെന്ന് പാർവതി പറയുന്നു. പലരും മുൻപും സംവിധാനത്തിനായി തന്നെ
സമീപിച്ചിട്ടുണ്ടെങ്കിലും, ഈ തിരക്കഥ വായിച്ചപ്പോഴാണ് തന്റെ
ആദ്യ സംവിധാന സംരംഭം ഇതായിരിക്കണമെന്ന് താൻ ആഗ്രഹിച്ചതെന്ന് താരം വ്യക്തമാക്കി. ഈ
സിനിമയ്ക്കായി കഴിഞ്ഞ അഞ്ച് വർഷമായി താൻ കാത്തിരിക്കുകയാണെന്നും പാർവതി
കൂട്ടിച്ചേർത്തു. അഭിനയം ക്രിയേറ്റീവായ കാര്യമാണെന്നും അത് തനിക്ക് വലിയ സംതൃപ്തി
നൽകുന്നുണ്ടെങ്കിലും, അതിനപ്പുറം മറ്റെന്തോ കൂടി
ചെയ്യാനുണ്ടെന്ന തോന്നലാണ് സംവിധാനത്തിലേക്ക് നയിച്ചതെന്നും താരം അഭിമുഖത്തിൽ
വ്യക്തമാക്കി.
2006-ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ
അരങ്ങേറ്റം കുറിച്ച പാർവതി, അതേ വർഷം പുറത്തിറങ്ങിയ റോഷൻ
ആൻഡ്രൂസിന്റെ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട്
മരിയാൻ, ബാംഗ്ലൂർ ഡേയ്‌സ്, എന്ന്
നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്,
ഉയരെ, കൂടെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ
മികച്ച പ്രകടനം കാഴ്ചവെച്ച താരം ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനയരംഗത്തും സജീവമായ പാർവതിയുടേതായി ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് അണിയറയിൽ
ഒരുങ്ങുന്നത്. ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ
നോബഡി’ എന്ന സിനിമയുടെ ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ്
ലഭിക്കുന്നത്.
