തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും
വിട്ടുനില്‍ക്കുമെങ്കിലും നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് കത്ത്
നല്‍കാന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ വസതിയിലേക്ക് നിന്നും നാട്ടിലേക്ക്
മടങ്ങിയ രമേശ് ചെന്നിത്തല, വൈകിട്ട് നടക്കുന്ന കോണ്‍ഗ്രസ്
നിയമസഭാ കക്ഷിയോഗത്തില് പങ്കെടുക്കില്ല. രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കാണ്
പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി
പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി
അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും
പരിഗണിക്കാത്തതിലാണ് രമേശ് അതൃപ്തി പ്രകടിപ്പിച്ചത്. അതേ സമയം രമേശ് ചെന്നിത്തല
പരസ്യമായി പ്രതികരിച്ചിട്ടില്ല.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ,
രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല
കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ വീടിന്റെ പിന്‍ഭാഗത്തുകൂടി
പുറത്തേക്കു പോയി. വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍
ചാമക്കാലയാണ് പുറത്തിറങ്ങിവന്ന് രമേശ് വീട്ടിലില്ലെന്ന് അറിയിച്ചത്. നിയുക്ത എംഎല്‍എമാരായ
ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ് എന്നിവര്‍ രാവിലെ മുതല്‍ രമേശ് ചെന്നിത്തലയുടെ
വീട്ടിലുണ്ടായിരുന്നു. അതേസമയം, ചെന്നിത്തല അതൃപ്തിയിലാണെന്ന
വാര്‍ത്ത ജ്യോതികുമാര്‍ ചാമക്കാല നിഷേധിച്ചു. മാധ്യമങ്ങള്‍ അനാവശ്യകാര്യങ്ങള്‍
പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പുറത്തെത്തി പ്രതികരിച്ചു. രമേശ് പലപ്പോഴും ആ വഴി
പോകാറുണ്ടെന്നും എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ജ്യോതികുമാര്‍ പറഞ്ഞു.
അതേ
സമയം രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ കാബിനറ്റില്‍ ഉണ്ടാകണമെന്നും അദ്ദേഹം
ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പറഞ്ഞു. രമേശ്
ചെന്നിത്തലയ്ക്കെതിരെ ഹിതകരമല്ലാത്ത തീരുമാനങ്ങള്‍ വന്ന സന്ദര്‍ഭത്തില്‍ പോലും
പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അനുസരിച്ച് എല്ലാകാലത്തും പ്രവര്‍ത്തിച്ചയാളാണ്
അദ്ദേഹമെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹം ഒരിക്കലും ഒരു വിമത പ്രവര്‍ത്തനത്തിന്
നേതൃത്വം നല്‍കിയില്ലയെന്നും ഈ മന്ത്രിസഭയില്‍ കരുത്തായി അദ്ദേഹം
നിലകൊള്ളുമെന്നാണ് എന്റെ പ്രതീക്ഷയെന്നും മുരളീധരന്‍ വ്യക്തമാക്കി. രമേശ്
പോകുന്നത് ഗുരുവായൂരിലേക്ക് ആണെന്നും ഞാനും നാളെ ഗുരുവായൂരിലേക്ക്
പോകുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ്
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തത്. രാഹുല്‍
ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ കാര്യത്തില്‍ നല്ലൊരു സമീപനമാണ്
സ്വീകരിച്ചതെന്നും തീരുമാനമുണ്ടാകാന്‍ കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും, ഇത് കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നും
മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായപ്പോള്‍പോലും
പാര്‍ട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമാണ്
അദ്ദേഹത്തിനുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അഡ്മിനിസ്ട്രേറ്റീവ്
രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍
ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ
കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തവണ
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാളായിരുന്നു രമേശ് ചെന്നിത്തല.
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തില്‍ അദ്ദേഹം അതൃപ്തി
പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും
ചെയ്തു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി
യോഗത്തിലും പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
കുറേ കടമ്പകള്‍ കടന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തതെന്നും
എല്ലാവരെയും ചേര്‍ത്ത് മുന്നോട്ട് പോകാന്‍ വി ഡി സതീശന് സാധിക്കണമെന്നും രാജ്മോഹന്‍
ഉണ്ണിത്താന്‍ എംപി പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു വികാരം ഉണ്ടായിരുന്നു. എന്നാല്‍
ജനവികാരം മറിച്ചായിരുന്നുവെന്നും ജനവികാരം കാണാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍
കഴിയില്ലയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഘടകകക്ഷികളുടെയും വികാരം ഉള്‍ക്കൊണ്ടുകൊണ്ടാണ്
തീരുമാനം. പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം മാതൃകാപരം.
വിവാദങ്ങള്‍ക്ക് വിടപറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയോറിറ്റി നോക്കിയല്ല
തീരുമാനം എടുക്കുക. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ്
ചെന്നിത്തലയുടെ നിലപാട് എന്ന പേരില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍
ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും രാജ്മോഹന്‍
ഉണ്ണിത്താന്‍ പറഞ്ഞു.
11 ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ വി.ഡി. സതീശനെ മുന്‍നിര്‍ത്തി പുതിയൊരു യുഗത്തിലേക്ക് കടക്കുമ്പോള്‍, മുതിര്‍ന്ന നേതാക്കളുടെ പിണക്കം തീര്‍ത്ത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുക എന്ന കടുത്ത വെല്ലുവിളിയാണ് ഹൈക്കമാന്‍ഡിനും നിയുക്ത മുഖ്യമന്ത്രിക്കും മുന്നിലുള്ളത്. വരും ദിവസങ്ങളില്‍ ചെന്നിത്തലയുടെയും കെ.സി. പക്ഷത്തിന്റെയും നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.